തൃശ്ശൂർ:തൃശ്ശൂർ ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ(29) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിൽ സഹോദരൻ ഷെറിനും സുഹൃത്ത് അരുണും ചേർന്ന് ഷൈനിനെ കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. തൃച്ചിയിൽ നിന്ന് നാട്ടിലെത്തിയ ഷൈനുമായി തൃശൂർ ഭാഗത്തുനിന്നും ചേറ്റുപുഴയിലേക്ക് ബൈക്കിൽ വരുന്നതിനിടയിൽ അപകടമുണ്ടായെന്നാണ് ആദ്യഘട്ടത്തിൽ പ്രതികൾ പോലീസിനോട് പറഞ്ഞത്. ബൈക്കിൽ സഞ്ചരിക്കവെ ഷൈൻ പുറകിലേക്ക് വീഴുകയായിരുന്നു എന്നായിരുന്നു മൊഴി. എന്നാൽ പൊലീസ് ഈ മൊഴി മുഖവിലയ്ക്ക് എടുത്തിരുന്നില്ല. കൂടെയുണ്ടായിരുന്ന ഷെറിനും , അരുണിനും പരുക്ക് പറ്റാത്തതും സംശയത്തിനിടയാക്കി. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് തലക്കടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമായത്. സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ഉടൻ വെസ്റ്റ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മദ്യപിച്ചുണ്ടായ തർക്കത്തെത്തുടർന്ന് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചത്. വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ഷെറിനെയും സുഹൃത്തിനെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
![](https://malayalam.karavaldaily.com/wp-content/uploads/2025/01/inbound8435395389666348637.jpg)