കാസർകോട്: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് മഞ്ചേശ്വരം ചെക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കുടുങ്ങിയത് കാറിൽ കടത്താൻ ശ്രമിച്ച 302.4 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി 8 മണിയോടെ എക്സൈസ് ഇൻസ്പെക്ടർ എം. യൂനസും സംഘവും
നടത്തിയ വാഹന പരിശോധനയിലാണ് വൻ മദ്യ കടത്ത് പിടികൂടിയത്. ഉദുമ പനയാൽ ദേവൻ പൊടിച്ച പാറ സ്വദേശി ഭാരത് രാജ് (30) ആണ് കാറിൽ മദ്യം കടത്തിയത്. മാരുതി എർട്ടിഗ ടാക്സി കാറിൽ 35 കാർഡ് ബോർഡ് ബോക്സുകളിലായി 1680 ടെട്രാ പാക്കറ്റ് കളിലായി 302.4 ലിറ്റർ കർണ്ണാടക മദ്യമാണ് കടത്തിക്കൊണ്ടുവന്നത്. കാറും മദ്യവും എക്സൈസ് അധികൃതർ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസവും കാറിൽ കടത്തുകയായിരുന്ന 72 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യം പിടികൂടിയിരുന്നു.
തിങ്കളാഴ്ച വൈകിട്ട് നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫിസറായ വി സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ രാമ, കെ ദിനൂപ്, അഖിലേഷ്, സബിത്ത് ലാൽ, ഡ്രൈവർ സത്യൻ എന്നിവർ പങ്കെടുത്തു. പ്രതിയെ ചൊവ്വാഴ്ച രാവിലെ കാസർകോട് കോടതിയിൽ ഹാജരാക്കും. ഓണക്കാലങ്ങളിൽ ഉദുമയിലും പരിസരത്തും ഇടനിലക്കാർക്ക് വില്പനയ്ക്കായി മദ്യം എത്തിക്കാൻ ആയിരുന്നു ശ്രമം. എക്സൈസ് വകുപ്പിന്റെ കർശന പരിശോധനയിൽ ജില്ലയിൽ ദിവസവും മദ്യവേട്ട നടക്കുന്നുണ്ട്.