കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജി. ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി.ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്‍റാണ് ജി. ലിജിൻ ലാൽ. ബിജെപി കേന്ദ്ര നേതൃത്വമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിക്കൊപ്പമാണ് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെയും ബിജെപി പ്രഖ്യാപിച്ചത്. യുവമോർച്ച ജില്ലാ പ്രസിഡന്‍റ് , ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുള്ള ലിജിൻ ലാൽ യുവമോർച്ചയിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ക്രിസത്യൻ സഭാ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നത് കൂടെ കണക്കിലെടുത്താണ് ലിജിനെ സ്ഥാനാർത്ഥിയാക്കി നിശ്ചയിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ നിന്നും ലിജിൻ ലാൽ മത്സരിച്ചിരുന്നു. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ആയതോടെ പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ദേശീയ നേതാക്കളും പുതുപ്പള്ളിയിൽ എത്തിയേക്കും.