ചങ്ങനാശേരി: ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ പിടികൂടിയതിന്റെ പേരില്‍ പോലീസിനുനേരേ പെണ്‍കുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്.എച്ച്.ഒ. ജി.അനൂപും സംഘത്തിനു നേരേയാണ് പെണ്‍കുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്. ശനിയാഴ്ച വൈകീട്ട് നാലിന് തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണ് സംഭവം. ഗോശാലപ്പറമ്പില്‍ വിഷ്ണുവാണ് (19) പോലീസിന്റെ പിടിയിലായത്. യുവാവിന്റെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുവരെയും കണ്ടതായി പരിസരവാസികള്‍ തൃക്കൊടിത്താനം പോലീസിനു രഹസ്യവിവരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എസ്.എച്ച്.ഒ. അനൂപ് ഡ്രൈവര്‍ക്കൊപ്പം സ്ഥലത്തെത്തി. ഈസമയം വിഷ്ണുവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയുംചെയ്തു.
ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ സംഭാഷണങ്ങള്‍ നടത്തിയതോടെ വിഷ്ണുവിനെ അറസ്റ്റുചെയ്ത് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചിച്ചു. അപ്പോള്‍ വിഷ്ണുവിനെ ജീപ്പില്‍നിന്നു ഇറക്കിവിടണമെന്നാവശ്യപ്പെട്ട്് പെണ്‍കുട്ടി അതിക്രമം നടത്തുകയായിരുന്നു. ജീപ്പിന്റെ സൈഡില്‍ പോലീസുകാരന്‍ ശെല്‍വരാജ് നില്‍ക്കുമ്പോള്‍ പെണ്‍കുട്ടി ജീപ്പിന്റെ ഡോറടച്ചു. ഡോറിനിടയില്‍പ്പെട്ട് ശെല്‍വരാജിന്റെ കൈപ്പത്തിക്കു പരിക്കേറ്റു. പിന്നീട് പോലീസുകാരെ പരക്കെ ചീത്തവിളിച്ചു. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തിയതോടെ പെണ്‍കുട്ടി സംയമനം പാലിച്ചു തുടങ്ങി. വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. ബാറില്‍ അക്രമം നടത്തിയതുള്‍പ്പെടെയുള്ള കേസ് ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.
