മംഗളൂരു: കര്‍ണാടകയിലെ തീരപ്രദേശങ്ങളിലും മംഗളൂരുവിലും ‘മദ്രാസ് ഐ’ കണ്ണുരോഗം പടരുന്നു.
ദക്ഷിണ കന്നഡ ജില്ലയിലുടനീളമുള്ള കണ്ണാശുപത്രികളിലേക്ക് കഴിഞ്ഞ ഒരാഴ്ചയായി ആളുകള്‍ വന്‍തോതില്‍ എത്തുന്നുണ്ട്. യുവാക്കളെയാണ് കൂടുതലായി ബാധിക്കുന്നതെന്ന് നേത്രരോഗ വിദഗ്ധര്‍ പറയുന്നത്. ഹോസ്റ്റലുകളില്‍ താമസിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളിലാണ് അണുബാധ കൂടുതലായി കണ്ടത്. സ്‌കൂളില്‍ പോകുന്ന കുട്ടികളിലും അണുബാധയുണ്ട്. രോഗം ഗുരുതരമല്ലെങ്കിലും ഇത് അതിവേഗം മറ്റുള്ളവരിലേക്ക് പടരുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രതികൂല കാലാവസ്ഥയാണ് കാരണമെന്നാണ് അവര്‍ പറയുന്നത്. മഴക്കാലത്താണ് സാധാരണ ഈ രോഗം പടരുന്നത്. മഴയോടൊപ്പം ചെറിയ തണുപ്പും കൂടിച്ചേരുമ്പോള്‍ വൈറസ് ബാധ പടരനുള്ള സാഹചര്യമൊരുക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന 150 രോഗികളില്‍ 40 മുതല്‍ 60 വരെ പേര്‍ക്ക് ചെങ്കണ്ണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കണ്ണിന് കൂടുതല്‍ കേടുവരുത്തുമെന്നതിനാല്‍ മല്ലി വെള്ളമോ തുളസി വെള്ളമോ ഇടരുതെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. രോഗം ബാധിച്ച വ്യക്തി ഉപയോഗിക്കുന്ന ടവല്‍, കൈത്തറ, കിടക്ക, തലയിണ എന്നിവ പ്രത്യേകം സൂക്ഷിക്കണം. രോഗം ബാധിച്ച കണ്ണില്‍ തൊടാന്‍ പാടില്ല. തണുത്ത വെള്ളം കൊണ്ട് കണ്ണ് പല തവണ കഴുകണം. രോഗം ബാധിച്ചുകഴിഞ്ഞാല്‍ വേദന, പൊള്ളല്‍, പോറല്‍ അല്ലെങ്കില്‍ ചൊറിച്ചില്‍ എന്നിവ ഉണ്ടാകാം.
