ഇനി ഇങ്ങനെ കാണണമെങ്കില്‍ ഒരുവര്‍ഷം കഴിയണം; ഉല്‍ക്കമഴയുടെ ദൃശ്യവിസ്മയം ഇന്നും നാളെയും

കാര്‍മേഘങ്ങളും മഴയുമില്ലാതെ വാനം തെളിഞ്ഞാല്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആകാശത്ത് ഉല്‍ക്കമഴയുടെ വിസ്മയക്കാഴ്ചയൊരുങ്ങും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഇത് പാരമ്യത്തിലെത്തുക. നൂറുകണക്കിന് ഉല്‍ക്കകള്‍ ആകാശത്തുകൂടെ പായുമെന്ന് വിദഗ്ധര്‍ പറയുന്നു. ചന്ദ്രനില്ലാതെ വരുന്ന ന്യൂ മൂണ്‍ സമയത്താണ് ഇത് സാധ്യമാകുന്നത്. വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന പ്രതിഭാസമാണിത്.
വര്‍ഷംതോറും പെയ്തിറങ്ങുന്ന പേഴ്സ്യുഡ് ഉല്‍ക്കകള്‍ നാളെ പുലര്‍ച്ചെവരെ ദൃശ്യമാകും. ആകാശത്ത് പേഴ്‌സ്യൂഡ് നക്ഷത്രസമൂഹം നിലകൊള്ളുന്ന ദിശയില്‍നിന്ന് വരുന്ന ഉല്‍ക്കകളായതിനാലാണ് ഈ പേര്.
ഇന്ന് അര്‍ദ്ധരാത്രി ആകാശത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് ഈ നക്ഷത്രഗണം ഉദിക്കും. പുലരുംവരെ ഉല്‍ക്കമഴ നഗ്‌നനേത്രംകൊണ്ട് കാണാന്‍ കഴിയും. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിവരെയാണ് ഈ ദൃശ്യവിരുന്ന് കാണാനാകുക. ഏറ്റവും നന്നായി ഉല്‍ക്കമഴ കാണാന്‍ സാധിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇന്ത്യ എന്നാണ് നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സെക്കന്റില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കകള്‍ പായുന്നത്. അതിനാല്‍ ഒന്ന് കണ്ണുചിമ്മി തുറക്കും മുന്‍പേ ഉല്‍ക്കകള്‍ ആകാശത്തുനിന്ന് അപ്രത്യക്ഷമാകും. മിനിറ്റില്‍ ഒരു ഉല്‍ക്കയെങ്കിലും ആകാശത്തുകൂടി മിന്നിപ്പായുമെന്നാണു കണക്കുകൂട്ടല്‍. മൂര്‍ധന്യാവസ്ഥയില്‍ മണിക്കൂറില്‍ നൂറു ഉല്‍ക്കകള്‍വരെ പതിച്ചേക്കാം. സൗരയൂഥത്തിലൂടെ 130 വര്‍ഷം കൂടുമ്പോള്‍ കടന്നുപോകുന്ന സ്വിഫ്റ്റ്-ടട്ടില്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രത്തില്‍ നിന്ന് പൊടിപടലങ്ങളും ഹിമകണങ്ങളുമെല്ലാം തെറിച്ചുവീഴും. ഇത് സൗരയൂഥത്തില്‍ തങ്ങിനില്‍ക്കുകയും വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടന്നുപോകുമ്പോള്‍ ഈ പ്രതിഭാസമുണ്ടാകുകയും ചെയ്യും. ഒരു നെല്‍ക്കതിര്‍ പോലെയാണ് പേഴ്‌സ്യൂസ് നക്ഷത്രഗണം ആകാശത്ത് കാണപ്പെടുന്നത്. എല്ലാവര്‍ഷവും ജൂലായ് 17നും ഓഗസ്റ്റ് 24നും ഇടയിലാണ് ഈ പ്രതിഭാസമുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page