മംഗലൂരു: ദക്ഷിണ കർണാടകയിലെ തലപ്പാടി ഗ്രാമപഞ്ചായത്തിൽ ബിജെപി സ്വതന്ത്ര അംഗങ്ങളുടെ പിൻതുണയോടെ എസ്.ഡി.പി.ഐ അംഗം പഞ്ചായത്ത് പ്രസിഡന്‍റായി.വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് നാടകീയ നീക്കത്തിലൂടെ എസ്.ഡി.പി.ഐ അംഗം ടി ഇസ്മായിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയിലെ പുഷ്ഷാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്‍റ്.രണ്ട് ബിജെപി സ്വതന്ത്രരാണ് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പിൻതുണച്ചത്. ബിജെപിയിൽ നിന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്നത് സത്യരാജ് ആയിരുന്നു. 24 അംഗങ്ങളുള്ള ഭരണസമിതിയിൽ രണ്ട് സ്വതന്ത്രർ അടക്കം 13 അംഗങ്ങളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എസ്.ഡി.പി.ഐക്ക് 10 അംഗങ്ങളും കോൺഗ്രസ്സിന് ഒരംഗവും ആണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് കോൺഗ്രസ്സ് അംഗം വൈഭവ് ഷെട്ടിയും എസ്.ഡി.പി.ഐയുടെ അംഗമായ ഹബീബയും എത്തിയില്ല. വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ബിജെപിക്കും , എസ്.ഡി.പി.ഐക്കും 11 വീതം തുല്യ വോട്ടുകളാണ് ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലാണ് ഇസ്മായിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ഇസ്മായിൽ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. തീരദേശ മേഖലയായ ദക്ഷിണ കർണാടകയിൽ കടുത്ത രാഷ്ട്രീയ ശത്രുത വെച്ച് പുലർത്തുന്ന എസ്.ഡി.പി.ഐയെ തെരഞ്ഞടുപ്പിൽ തങ്ങളുടെ സ്വതന്ത്രർ പിൻതുണച്ചത് ബിജെപിക്ക് വലിയ നാണകേടാണ് ഉണ്ടായിരിക്കുന്നത്. അതേ സമയം പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബിജെപി നിർദേശിച്ച വ്യക്തിയോട് താത്പര്യം ഇല്ലാത്തത് കൊണ്ടാണ് എസ്.ഡി.പി.ഐ യെ പിൻതുണച്ചതെന്നാണ് സ്വതന്ത്ര അംഗങ്ങളുടെ വാദം.മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവരാണ് സ്വതന്ത്ര അംഗങ്ങൾ.
