കട്ടപ്പന: കിടപ്പ് രോഗിയായ വീട്ടമ്മയുടെ മരണത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മണിയാറൻകുടിയിൽ തങ്കമ്മയുടെ മരണത്തിലാണ് മകൻ സജീവിനെ അറസ്റ്റ് ചെയ്തത്.ഭക്ഷണം കഴിക്കാൻ മടി കാണിച്ചതിനാണ് തങ്കമ്മയെ മകൻ മർദ്ദിച്ചത്. ഗ്ലാസ് ഉപയോഗിച്ച് തലക്ക് അടിക്കുകയും കട്ടിലിൽ ഇടിക്കുകയും ചെയ്തെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. മകന്‍റെ അടിയേറ്റ് ഇടുക്കി മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച തങ്കമ്മ ഓഗസ്റ്റ് 7 നായിരുന്നു മരിച്ചത്. മദ്യലഹരിയിലെത്തിയ സജീവ് ജൂലൈ 30 ന് ആണ് ഇവരെ മർദ്ദിച്ചത്. പോസ്റ്റ് മോർട്ടത്തിലാണ് തലക്കേറ്റ അടിയാണ് മരണത്തിന് കാരണമെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് മർദ്ദിച്ചകാര്യം വെളിപ്പെടുത്തിയത്.
