11 വയസുകാരന് പറത്തിയ വിമാനം തകര്‍ന്നുവീണ് പിതാവിനും മകനും ദാരുണാന്ത്യം. ഇരുവരുടെയും സംസ്കാരത്തിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു. വിമാനം പറത്തുമ്പോള്‍ പിതാവെടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോയില്‍ മകന് വിമാനം നിയന്ത്രക്കുന്നതും അച്ഛന് സമീപത്തിരുന്ന് മകന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കാണാം. ഒപ്പം ആ സമയത്തെല്ലാം പിതാവ് ബിയര്‍ കഴിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ വിമാനം തകര്‍ന്ന് അച്ഛനും മകനും മരിച്ചു എന്നാണ് പിന്നീട് ലഭിച്ച റിപ്പോര്‍ട്ടുകള്‍. 42 -കാരനായ ബ്രസീല്‍ സ്വദേശി ഗാരോണ്‍ മയയും അദ്ദേഹത്തിന്റെ മകന് ഫ്രാന്‍സിസ്കോ മായയും ആണ് അപകടത്തില്‍ പെട്ടത്. ഇവരുടെ ഏകദേശം 9.9 കോടി വില വരുന്ന സ്വകാര്യ വിമാനമാണ് അപകടത്തില്‍ പെട്ടത്. ഭര്‍ത്താവും മകനും അപകടത്തില്‍ പെട്ട് മരിച്ച് സംസ്കാരം കഴിഞ്ഞ ഉടനെ തന്നെ ഗാരോണിന്റെ ഭാര്യ അന പ്രിഡോണിക്കും ജീവനൊടുക്കി.
റോണ്ടോണിയ നഗരമായ നോവ കോണ്‍ക്വിസ്റ്റയിലെ ഒരു ഫാമിലി ഫാമില്‍ നിന്നാണ് ഗാരോണിന്റെ വിമാനം പറന്നുയര്‍ന്നത്. പിന്നീട്, ഇന്ധനം നിറയ്ക്കാന്‍ വില്‍ഹേന വിമാനത്താവളത്തില്‍ നിര്‍ത്തി. പിന്നീട്, കാംപോ ഗ്രാന്‍ഡെ എന്ന സ്ഥലത്തേക്ക് തിരികെ വരാനാണ് ഉദ്ദേശിച്ചിരുന്നത്. അവിടെയാണ് മകനും ഭാര്യയും താമസിക്കുന്നത്. എന്നാല്‍, അധികം വൈകാതെ വിമാനം അപകടത്തില്‍ പെടുകയായിരുന്നു. വിമാനം കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അച്ഛന്റെയും മകന്റെയും മൃതദേഹം കണ്ടെടുത്തത്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.