ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കടുത്ത വേദന, യുവതിയുടെ വയറില്‍ നിന്ന് നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ
ഇന്‍ഡോര്‍: കടുത്ത വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ യുവതിയുടെ വയറ്റില്‍നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് സംഭവം.
ഇന്‍ഡോറിലെ ഇന്‍ഡക്‌സ് ആശുപത്രിയില്‍ എത്തിയ ആഷ്ത എന്ന യുവതിയുടെ വയറ്റിലാണ് മുഴ കണ്ടെത്തിയത്. പന്ത്രണ്ടോളം ഡോക്ടര്‍മാര്‍ രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ നാല്‍പത്തിയൊന്നുകാരിയുടെ വയറ്റില്‍നിന്നും മുഴ നീക്കി. 49 കിലോ ശരീരഭാരം മാത്രമുണ്ടായിരുന്ന യുവതിയുടെ വയറ്റിലാണ് 15 കിലോ ഭാരമുള്ള മുഴ വളര്‍ന്നത്. ഇത് വയറ്റില്‍ നീരുവീക്കത്തിനും ഭാരം കൂടുന്നതിനും കാരണമായി. ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കടുത്ത വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞാണ് യുവതി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചതെന്നും ഒരു ചെറിയ പിഴവ് മരണത്തിനു പോലും കാരണമായേനെയെന്നും ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡോ.അതുല്‍ വ്യാസ് പറഞ്ഞു. മുഴ നിരവധി നാഡികളാല്‍ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നെന്നും വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തതെന്നും ഡോക്ടര്‍ പറഞ്ഞു. മുഴ പൊട്ടാറായ നിലയിലായിരുന്നെന്നും ഇത് വന്‍ അപകടം വിളിച്ചുവരുത്തിയേനെയെന്നും ഭയന്നതായി ഡോക്ടര്‍ അറിയിച്ചു. നിലവില്‍ യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.