തിരുവനന്തപുരം: ശബരിമല അന്താരാഷ്‌ട്ര വിമാനത്താവളത്തിനായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പാരിസ്ഥിതികാഘാത പഠനം നടത്തിയ റിപ്പോര്‍ട്ട് വിലയിരുത്തുവാന്‍ വിദഗ്‌ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളം നടത്തിപ്പിനു കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേതുപോലെ സിയാല്‍ മാതൃകയിലുള്ള കമ്പനി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എരിമേലി സൗത്ത്, മണിമല എന്നീ വില്ലേജുകളില്‍ ഉള്‍പ്പെടെ 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനാണ് അനുമതി നല്‍കിയത്. ഭൂമി നഷ്‌ടപ്പെടുന്നവര്‍ക്ക് മികച്ച നിലയിലുള്ള ആനുകൂല്യങ്ങൾ നല്‍കും. പിന്നീട് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ആ ഘട്ടത്തില്‍ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.