കൽപ്പറ്റ: വിനോദ സഞ്ചാര കേന്ദ്രത്തിൽ ലഹരിമൂത്ത് നടക്കാനാകാതെ കിടക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.വയനാട് മുള്ളൻക്കൊല്ലിയിലാണ് സംഭവം. കർണാടക അതിർത്തിയായ മച്ചൂരിലെ കബനി നദീ തീരത്ത് എത്തിയ സഞ്ചാരികളായ യുവതി യുവാക്കളാണ് അമിത ലഹരിയിൽ എഴുന്നേറ്റ് നിൽക്കാനാകാത്ത അവസ്ഥയിലായത് .സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് ഇവരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. നാട്ടുകാരുടെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞ ഇവർ പിന്നീട് പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.സംഘത്തിലുണ്ടായിരുന്നവരിൽ അധികവും മലയാളി പെൺകുട്ടികളാണ്.വയനാട് സ്വദേശികളാണെന്ന് പറഞ്ഞ ഇവർ കർണാടകയിൽ പഠിക്കുന്നവരാകാമെന്നാണ് നാട്ടുകാർ പറയുന്നത്. മയക്ക് മരുന്ന് ലോബിയുടെ പ്രധാന കടത്ത് കേന്ദ്രം കൂടിയാണ് ഇവിടുത്ത അതിർത്തികൾ.അതേ സമയം നാട്ടുകാരുടെ പ്രവർത്തിക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. സഞ്ചാരികളായി എത്തിയവരോട് സദാചാര പൊലീസ് ചമയുന്ന തരത്തിൽ നാട്ടുകാർ ഇടപ്പെട്ടുവെന്നാണ് ആക്ഷേപം.