പ്രശസ്ത സംവിധായകൻ സിദ്ദിഖ്(59) അന്തരിച്ചു.കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയയും കരൾരോഗവും ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിനിടയാക്കിയത്.രോഗം ഗുരുതരമായതോടെ എക്മോ യന്ത്രത്തിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്.സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് , നിർമ്മാതാവ് തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു സിദ്ദിഖ്.
മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒട്ടേറെ ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു സിദ്ദിഖ്. ഫാസിലിന്‍റെ കൂടെ സഹസംവിധായകനായാണ് സിനിമയിൽ എത്തുന്നത്. സിദ്ദിഖും – ലാലും ചേർന്നായിരുന്നു ആദ്യ കാലത്ത് സിനിമ സംവിധാനം ചെയ്തിരുന്നത്.1986 ൽ പുറത്തിറങ്ങിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിയുടെ തിരക്കഥ എഴുതിയാണ് തിരക്കഥാ രചന ആരംഭിച്ചത്. പിന്നീട് ലാലുമായി ചേർന്ന് സംവിധായകനായി. ഈ കൂട്ടുകെട്ടിൽ ആദ്യം പിറന്ന സിനിമ 1989 ലെ റാംജി റാവു സ്പീക്കിംഗ് ആയിരുന്നു.1990 ൽ ഇൻ ഹരിഹർ നഗർ, റ്റു ഹരിഹർ നഗർ , തുടർന്ന് ഗോഡ് ഫാദർ, വിയറ്റ്നാം കോളനി,കാബൂളിവാല എന്നീ സിനിമകൾ ഇരുവരും ചേർന്ന് സംവിധാനം ചെയ്തു. കൂട്ട് കെട്ട് പിരിഞ്ഞ ശേഷം 13 ഓളം സിനിമകൾ ഒറ്റക്ക് സംവിധാനം ചെയ്തിട്ടുണ്ട്.തമിഴ് സിനിമകളും, ബോർഡി ഗാർഡിന്‍റെ ഹിന്ദിയും സംവിധാനം ചെയ്തു. ഹിറ്റ്ലർ,ഫ്രണ്ട്സ്,ക്രോണിക് ബാച്ചിലർ,ബോഡിഗാർഡ്, ലേഡീസ് ആൻഡ് ജെന്‍റിൽമെൻ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങി. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് കലാമേഖലയിലേക്ക് സിദ്ദിഖിന്‍റെ രംഗപ്രവേശം.2020 ൽ പുറത്തിറങ്ങിയ ബിഗ് ബ്രദറാണ് അവസാന ചിത്രം.
നർമ്മത്തിലൂന്നിയ ജനപ്രിയ സിനിമകളായിരുന്നു സിദ്ദിഖിനെ ജനങ്ങളുടെ പ്രിയ സംവിധായകനാക്കിയത്.മലയാളികൾ എക്കാലത്തും ഹൃദയത്തിലേറ്റിയ ഗോഡ് ഫാദറും, ഇൻ ഹരിഹർ നഗറുമെല്ലാം സിദ്ദിഖിന്‍റെ സംവിധാന മികവ് തെളിയിച്ച അമൂല്യ സിനിമകളായി. സിദ്ദിഖിന്‍റെ വിയോഗം മലയാള സിനിമാലോകത്തിന് തീരാനഷ്ടനഷ്ടമാണ്.ഗോഡ് ഫാദർ സിനിമക്ക് സംസ്ഥാന സർക്കാരിന്‍റെ അവാഡ് ലഭിച്ചിട്ടുണ്ട്.സജിതയാണ് ഭാര്യ, സുമയ്യ,സുകുൻ, സാറ എന്നിവർ മക്കളാണ്.