വെബ് ഡെസ്ക്: പ്രമുഖ അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ് ലയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ഇന്ത്യൻ വംശജനായ വൈഭവ് തനേജയെ തിരഞ്ഞെടുത്തു. മുൻ ധനകാര്യ മേധാവി സക്കറി കിർഖോൺ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെയാണ് വൈഭവ് തനേജ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയത്. ഇതു സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസമാണ് കമ്പനി പ്രഖ്യാപിച്ചത്. 45 കാരനായ തനേജ, നിലവിൽ കമ്പനിയുടെ ചീഫ് അക്കൗണ്ടിംഗ് ഓഫീസർ (സിഎഒ) ആണ്. ഇതിന് പുറമെയാണ് അദ്ദേഹത്തിന് ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ അധിക ചുമതല നൽകിയത്. 2019 മാർച്ച് മുതൽ ടെസ്‌ലയുടെ ചീഫ് അക്കൗണ്ടിംഗ് ഓഫീസറായും , 2018 മെയ് മുതൽ കോർപ്പറേറ്റ് കൺട്രോളറായും വൈഭവ് തനേജ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി മുതൽ മെയ് 2018 വരെ അസിസ്റ്റന്റ് കോർപ്പറേറ്റ് കൺട്രോളറായും 2016 മാർച്ച് മുതൽ സോളാർസിറ്റി കോർപ്പറേഷനിൽ വിവിധ ധനകാര്യ, അക്കൗണ്ടിംഗ് മേഖലയിലും സേവനമനുഷ്ഠിച്ചു. അതിനുമുമ്പ്, 1999 ജൂലൈയ്ക്കും 2016 മാർച്ചിനും ഇടയിൽ തനേജ ഇന്ത്യയിലും യുഎസിലുമായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൽ ജോലി ചെയ്തിരുന്നു. നാല് വർഷമായി ടെസ്‌ലയുടെ മാസ്റ്റർ ഓഫ് കോയിനും ഫിനാൻസ് മേധാവിയുമായിരുന്ന കിർഹോൺ അടുത്തിടെയാണ് സ്ഥാനമൊഴിഞ്ഞത്. എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഇലക്ട്രിക് വാഹന നിര്‍മ്മാണ ഭീമനായ ടെസ്ലയിലെ കിർഹോണിന്‍റെ 13 വർഷത്തെ സേവനം വളർച്ചയുടെ പ്രധാന ഘട്ടമായി വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യൻ വംശജയായ തനേജ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആകുന്നതോടെ ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിന് വേഗം കൂടുമോ എന്നാണ് വാഹനപ്രേമികൾ ഒറ്റുനോക്കുന്നത്.