കണ്ണൂര്‍: ഗണപതി ‘മിത്ത്’ വിവാദത്തിനിടെ ഗണപതി ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് 64 ലക്ഷം രൂപയുടെ ഭരണാനുമതി. സ്പീക്കർ എ എന്‍ ഷംസീറിന്‍റെ മണ്ഡലമായ തലശ്ശേരിയിലെ കോടിയേരിയിലെ കാരാല്‍ തെരുവിലെ ഗണപതി ക്ഷേത്രക്കുളം നവീകരണത്തിനാണ് തുക വകയിരുത്തിയത്. ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായിയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ അറിയിച്ചു. ഇതിന്റെ വീഡിയോയും എംഎല്‍എ പങ്കുവെച്ചിട്ടുണ്ട്.
പഴമയുടെ പ്രൗഡി നിലനിര്‍ത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. അതേ സമയം സ്പീക്കറുടെ ഫേസ് ബുക്ക് പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ്. പലരും മിത്ത് വിവാദത്തിൽ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള നാടകമല്ലെയെന്ന ചോദ്യം ചോദിച്ച് കമന്‍റുകളുമായി എത്തിയിട്ടുണ്ട്.
അതേസമയം, സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരായ മിത്ത് വിവാദം നിയമസഭയില്‍ കത്തിക്കേണ്ടെന്നാണ് യുഡിഎഫില്‍ തീരുമാനം. വിഷയം നിയമസഭയില്‍ പരാമര്‍ശിക്കാമെന്നും അതിനപ്പുറം വലിയ നിലയില്‍ ഉന്നയിക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് യുഡിഫ് എത്തിച്ചേര്‍ന്നത്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തില്‍ അവസരം കൊടുക്കരുതെന്നും യുഡിഎഫ് യോഗത്തില്‍ പരാമര്‍ശിച്ചു.
കുളം നവീകരണം സംബന്ധിച്ച സ്പീക്കറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാല്‍ തെരുവില്‍ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി.
പഴമയുടെ പ്രൗഡി നിലനിര്‍ത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സാധിക്കും.