വടകര: ‘നാട്ടുകാര്‍ ആരും ശരിയല്ലാട്ടാ, ആരും പൈസ ഇടുന്നില്ല സാറേ’…… ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയതിന് പിടിയിലായ കള്ളന്റെ പരാതി കേട്ട് ചിരിയടക്കാന്‍ കഴിയാതെ നാട്ടുകാരും പൊലീസും. വടകര അഴിയൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം മോഷ്ടിച്ച സംഭവത്തിലെ പ്രതിയായിരുന്നു മട്ടന്നൂര്‍ സ്വദേശി രാജീവന്‍ എന്ന സജീവന്‍ (44). ഇയാളെ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെയാണ് കള്ളന്റെ വലിയ പരാതിയുമായി പൊലീസിന് മുന്‍പിലെത്തിയത്. ചോമ്പാല്‍ ബംഗ്ലാവില്‍ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മൂന്ന് തവണയായി കവര്‍ന്ന് പണമെടുത്തത്. ആദ്യം കവര്‍ച്ച നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ സിസിടിവി ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇത് സ്ഥാപിച്ചത്. സിസിടിവിയില്‍ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാള്‍ കണ്ണൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കളവ് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ചോമ്പാല സി ഐ ബി കെ സിജു, എസ്.ഐ രാജേഷ്, എസ് പി യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി. വി ഷാജി. ,പ്രമോദ്,.സുമേഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.