സാന്റോസ്: ബ്രസീല്‍ ഇതിഹാസ ഫുട്‌ബോള്‍ താരം ഫല്‍കാവോയ്‌ക്കെതിരെ പീഡന പരാതി. സാന്റോസില്‍ പൗലോ റോബര്‍ട്ടോ ഫല്‍കാവോ താമസിക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരിയാണ് പരാതിയുമായി രംഗത്തുവന്നത്. അനുവാദമില്ലാതെ ജനനേന്ദ്രിയം കൊണ്ട് ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണു യുവതിയുടെ പരാതി. രണ്ടു തവണ ഫല്‍കാവോ ഇങ്ങനെ ചെയ്‌തെന്നും പരാതിക്കാരി ആരോപിച്ചു. ആരോപണം ഉയര്‍ന്നതിനു പിന്നാലെ സാന്റോസ് ക്ലബിന്റെ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സ്ഥാനം ഫല്‍കാവോ രാജിവച്ചു. അതേസമയം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നതെന്നാണ് ഫല്‍കാവോയുടെ നിലപാട്. അതേസമയം സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളുണ്ടെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. ഹോട്ടലിലെ ശുചീകരണ തൊഴിലാളി സംഭവം കണ്ടതായും വിവരമുണ്ട്. ഫല്‍കാവോ ജനനേന്ദ്രിയം ഉപയോഗിച്ച് യുവതിയുടെ കയ്യില്‍ സ്പര്‍ശിച്ചതായി പരാതിക്കാരിയുടെ അഭിഭാഷക രാജ്യാന്തര മാധ്യമങ്ങളോടു പറഞ്ഞു.
കുറ്റം തെളിഞ്ഞാല്‍ ബ്രസീലിലെ നിയമപ്രകാരം ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ഫല്‍കാവോ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ബ്രസീലിനായി 1982 ലെ ലോകകപ്പ് കളിച്ചിട്ടുള്ള താരമാണ് ഫല്‍കാവോ. മിഡ്ഫീല്‍ഡിലെ സൂപ്പര്‍ താരമായിരുന്ന ഫല്‍കാവോയ്ക്ക് ബ്രസീലിനായി ലോകകപ്പ് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. 1980 മുതല്‍ 1985 വരെ ഇറ്റാലിയന്‍ ക്ലബ് റോമയ്ക്കു വേണ്ടിയും താരം കളിച്ചിട്ടുണ്ട്.