തിരുവനന്തപുരത്ത് സിപിഐ നേതാവിനെ പീഡന ആരോപണത്തെ തുടര്‍ന്ന് പാര്‍ടിയില്‍ നിന്നും പുറത്താക്കി. കുന്നത്തുകാലില്‍ അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചതിനാണ് പുറത്താക്കിയത്. രക്ഷിതാക്കള്‍ പരാതി നല്‍കാതിരിക്കാന്‍ ഇടനില നിന്ന സിപിഐ ഏര്യാ കമ്മിറ്റി അംഗത്തെയും പുറത്താക്കി. വെള്ളറട ഏരിയ കമ്മിറ്റി അംഗവും, പെരുങ്കിടവിള ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനോദിനെയാണ് പുറത്താക്കിയത്. കേസിലെ പ്രതിയായ വിശ്വംഭരനില്‍ നിന്ന് വിനോദ് പണം കൈപ്പറ്റിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ എക്‌സിക്യൂട്ടീവിലാണു തീരുമാനം. പ്രതി വിശ്വംഭരന്‍ ഇപ്പോഴും ഒളിവിലാണ്. അതേസമയം മാറനല്ലൂരിലെ ആസിഡ് ആക്രമണവും മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ കത്തും ഉണ്ടാക്കിയ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ ആരോപണ വിധേയനായ സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യുട്ടീവ് അംഗവും മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്ററുമായ എന്‍.ഭാസുരാംഗനെ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കി. ഭാസുരാംഗന്റെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും പാര്‍ട്ടിക്കു ജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്നു കണ്ടതിനെത്തുടര്‍ന്നാണു ജില്ലാ എക്‌സിക്യൂട്ടീവ് നടപടിയെടുത്തത്.