മുള്ളേരിയ: കാറഡുക്ക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂളിൽ മലാഭിഷേകവും അക്രമവും നടത്തി. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്ത് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ച് കടന്ന സാമൂഹ്യ വിരുദ്ധർ ഓഫീസിന്റെ പൂട്ട്,വാട്ടര്‍ ടാപ്പ്, ചുമര്‍ എന്നിവിടങ്ങളില്‍ മലാഭിഷേകം നടത്തുകയായിരുന്നു. ക്ലാസ് മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് ബോര്‍ഡും മറ്റും നശിപ്പിച്ചതായും പരാതിയില്‍ പറഞ്ഞു. സമാനരീതിയിലുള്ളഅക്രമങ്ങള്‍ ഇതിനു മുമ്പും സ്‌കൂളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ രീതിയിലുള്ള അതിക്രമം ഇതിനു മുമ്പ് നടന്നിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. അക്രമിയെ കണ്ടെത്താനായി ആദൂര്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. വിദ്യാലയത്തിന്റെ അന്തസിനെ ചോദ്യം ചെയ്യുന്ന കുറ്റം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.