ബൽത്തങ്ങാടി (മാംഗ്ളുരൂ): ഭർത്താവിനെ കൊലപെടുത്താതിരിക്കാൻ മോചന ദ്രവ്യം ആവശ്യപ്പെട്ട് അധ്യാപികയെ ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൽത്തങ്ങാടി വേനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.അത്രിഞ്ജ സ്വദേശി അശ്വന്ത് ഹെബ്ബാർ(23) ആണ് അറസ്റ്റിലായത്. അധ്യാപികയുടെ പരാതിയിൽ നാടകീയ നീക്കങ്ങളിലുടെയാണ് ഇയാളെ പിടികൂടിയത്.സുൽക്കേരി പെറോടിത്തായകട്ട എന്ന സ്ഥലത്ത സ്വകാര്യ സ്കൂളിലെ അധ്യാപികയായ ജ്യോതിയോട് ടെലഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പണം ആവശ്യപ്പെട്ടത്.ഭർത്താവിനെ കൊല്ലാതിരിക്കാൻ മൂന്ന് ലക്ഷമാണ് ഇയാൾ ആവശ്യപ്പെട്ടത്. തുടർന്ന് വേനൂർ പൊലീസ് സ്റ്റേഷനിൽ അധ്യാപിക പരാതി നൽകുകയായിരുന്നു. പൊലീസ് നിർദേശ പ്രകാരം പണം തരാമെന്ന് അധ്യാപിക പറയുകയും ഇയാൾ പറഞ്ഞ സ്ഥലത്ത് ബാഗുമായി എത്തുകയും ചെയ്തു. പണം എത്തിക്കേണ്ട സ്ഥലം നാലു തവണ ഇയാൾ മാറ്റി പറഞ്ഞു. ഏറ്റവും ഒടുവിൽ പറഞ്ഞ സ്ഥലത്ത് ബാഗുമായി എത്തി പണം വച്ച് പോയ ഉടനെ ബൈക്കിലെത്തിയ പ്രതി ബാഗുമായി കടന്നു കളഞ്ഞു. പിന്നീട് ഫോൺ ലൊക്കേഷൻ പിൻതുടർന്ന് ഇയാളെ ഒളിയിടത്തിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.