ഡല്‍ഹി: 2019ലെ ‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സുപ്രീം കോടതിയില്‍ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. എം.പി സ്ഥാനം തിരികെ കിട്ടും. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദിയാണ് പരാതിക്കാരന്‍. സുപ്രീം കോടതയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായത്.
മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്ന് രാഹുല്‍ വാദത്തില്‍ ആവര്‍ത്തിച്ചു. മോദി സമുദായത്തെ അപമാനിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും തന്നെ പരാതിക്കാരന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. അയോഗ്യനായത് മൂലം വലിയ ക്ഷതം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി.രണ്ട് വര്‍ഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവില്‍ അവ്യക്തമാണ്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ബിആര്‍ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.