ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് മൊബൈല്‍ ഫോണിന്, ലഭിച്ചത് മരക്കഷ്ണം

കണ്ണൂര്‍: ആമസോണില്‍ ഫോണ്‍ ബുക്ക് ചെയ്തപ്പോള്‍ ലഭിച്ചത് മരക്കഷ്ണം. കേളകം മഞ്ഞളാംപുറത്തെ ജോസ്മിക്കാണ് ഫോണിന് പകരം മരക്കഷ്ണം കിട്ടിയത്. യുവതിയുടെ പരാതിയില്‍ കേളകം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.7299 രൂപയുടെ റെഡ്മി ഫോണാണ് ജോസ്മി ജോമി ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ചതാകട്ടെ ഫോണ്‍ ആകൃതിയില്‍ വെട്ടിയെടുത്ത മരക്കഷ്ണവും. കഴിഞ്ഞ ജൂലൈ 13 നാണ് ജോസ്മി ആമസോണിലൂടെ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തത്. 20-ാം തീയതി മുരിങ്ങോടിയിലുളള ഡെലിവറി ഏജന്‍സിയാണ് ആമസോണ്‍ കവറെത്തിച്ചത്. ക്യാഷ് ഓണ്‍ ഡെലിവറിയായതിനാല്‍ കൊറിയറുമായി വന്നയാള്‍ക്ക് 7299 രൂപയും നല്‍കി. കവര്‍ തുറന്നുനോക്കിയപ്പോഴാണ് ഫോണിന്റെ പെട്ടിയില്‍ മരക്കഷ്ണം കണ്ടത്. കവര്‍ പൊട്ടിച്ച നിലയിലായിരുന്നുവെന്ന് ജോസ്മി പറയുന്നു. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായ ഉടന്‍തന്നെ കൊറിയറുമായി വന്നയാളെ വിളിച്ചറിയിച്ചു. മൂന്നുദിവസത്തിനുള്ളില്‍ റിട്ടേണ്‍ എടുക്കാമെന്നായിരുന്നു മറുപടി. പിന്നീട് കസ്റ്റമര്‍ കെയറിലും പരാതിപ്പെട്ടു. പണം തിരിച്ചുതരാമെന്ന് മറുപടി വന്നെങ്കിലും ഫോണ്‍ കൈപ്പറ്റിയതുകൊണ്ട് പണം തിരിച്ചുതരാനാകില്ലെന്ന് കമ്പനി പിന്നീട് അറിയിക്കുകയായിരുന്നു. ഇതോടെയാണ് പരാതിയുമായി ജോസ്മി പോലീസ് സ്റ്റേഷനിലെത്തിയത്. പല ഏജന്‍സികള്‍ വഴിയാണ് കൊറിയര്‍ യുവതിയുടെ വീട്ടിലെത്തിയത്. ഇതിനിടയില്‍ പെട്ടി തുറന്ന് മൊബൈല്‍ മാറ്റി മരക്കഷ്ണം വെച്ചതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ സംശയിക്കപ്പെടുന്നത്. യുവതി ബില്‍ സഹിതം നല്‍കിയ പരാതിയില്‍ വഞ്ചനാക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page