തിരുവനന്തപുരം : ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്ന ആരോപണത്തിൽ സ്പീക്കർ എ.എൻ ഷംസീർ മാപ്പു പറയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.മിത്തുകളെ മിത്തുകളായി തന്നെ കാണണം. ഷംസീറിന്‍റെ വാക്കുകൾ ദുർവ്യാഖ്യാനം നടത്തി വർഗ്ഗീയത പടർത്താനാണ് ശ്രമമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ ആരും കുതിര കയറേണ്ടതില്ല.മതവിശ്വാസത്തിനെതിരായ നിലപാട് സിപിഎമ്മിനില്ലെന്നും വിഡി സതീശൻ ഉയർത്തുന്നത് വർഗ്ഗീയ നിലപാടാണെന്നും എംവി ഗോവിന്ദൻ കൂട്ടിചേർത്തു. പ്രസ്താവന പിൻവലിക്കുകയോ തിരുത്തുകയോ ചെയ്യേണ്ടതില്ല.വിശ്വാസത്തിന്‍റെ പേരിൽ ശാസ്ത്രത്തിന്‍റെ മേൽ കുതിര കയറരുതെന്നും എം.വി ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗണപതി മിത്താണെന്ന പരാമർശം എ.എൻ ഷംസീർ തിരുത്തണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസും ബിജെപിയും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് എൻ.എസ്.എസിന്‍റെ തീരുമാനം