പയ്യന്നൂര്‍: കുന്നരു സ്വദേശിനിയായ സഹകരണ സൊസൈറ്റി ജീവനക്കാരി സ്ഥാപനത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മരണത്തിന് കാരണക്കാരനായ പ്രമുഖ വ്യക്തിയെ തേടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.
കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചര്‍ വെല്‍ഫേര്‍ സൊസൈറ്റി ജീവനക്കാരി കെവി സീന(45)യാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. തന്റെ മരണത്തിന് ഈ വ്യക്തിക്ക് മാത്രമാണ് ഉത്തരവാദിത്വമെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും അയാളെ വിടരുതെന്നുള്ള കുറിപ്പെഴുതി വച്ചാണ് ജീവനൊടുക്കിയത്. സീന സ്വന്തം വസ്ത്രത്തിനുള്ളിലും മരിച്ച മുറിയിലെ മേശപ്പുറത്ത് ഒട്ടിച്ചുവെക്കുകയും ചെയ്ത ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് കാരണക്കാരായ സഹകരണ മേഖലയുമായി ബന്ധമുളള വ്യക്തിയെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തി ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴിയെടുത്ത ശേഷം മാത്രമേ കത്തില്‍ പരാമര്‍ശിച്ച വ്യക്തിയുടെ പേരില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമോയെന്ന് തീരുമാനമെടുക്കുകയുളളുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച്ച സഹകരണ സൊസൈറ്റിയുടെ ഓഫീസില്‍ തൂങ്ങിമരിച്ചത്. സൊസൈറ്റിയുടെ താഴത്തെ നിലയില്‍ ചായയുണ്ടാക്കാന്‍ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
