ഡൽഹിയിലെ തിരുവിതാംകൂർ ഹൗസിൽ അവകാശവാദമുയർത്തി രാജകുടുംബം; നിർമ്മാണ പ്രവർത്തനം നി‍ർത്തണമെന്നാവശ്യം

തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ കെ.ജി മാർഗ്ഗിലെ ട്രാവൻകൂർ ഹൗസിലും സമീപത്തെ കപൂർത്തലാ ഹൗസും തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ അധീനതയിൽ വരുന്നതാണെന്നും ഇരു സ്ഥലങ്ങളിലും ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട്  തിരുവിതാംകൂർ രാജകുടുംബം രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ, ഡിഡിഎ അതോറിറ്റി , സംസ്ഥാന മുഖ്യമന്ത്രി എന്നിവർക്ക് രാജകുടുംബം പരാതി നൽകി. രാജകുടുംബം പുറത്തിറക്കിയ വാർത്താകുറിപ്പിന്‍റെ പൂർണ്ണ രൂപം താഴെ.

………………………………

കെ.ജി. മാര്‍ഗിലെ ട്രാവന്‍കൂര്‍ ഹൗസ് എന്നറിയപ്പെടുന്ന 14 ഏക്കര്‍ സ്ഥലം തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഉടമസ്ഥതയിലുള്ളതാണ്. തിരുവിതാംകൂര്‍ മഹാരാജാവ് റസിഡന്‍ഷ്യല്‍ മന്ദിരം നിര്‍മ്മിക്കാനായി ഏക്കര്‍ ഒന്നിന് 1800 രൂപ വീതം നല്‍കിയാണ് ട്രാവന്‍കൂര്‍ ഹൗസ് (8.195 ഏക്കര്‍) സ്വന്തമാക്കിയത്. തന്റെ വ്യക്തിപരമായ സമ്പാദ്യമുപയോഗിച്ച് ഇതിനടുത്തുള്ള കപൂര്‍ത്തല ഹൗസും തിരുവിതാംകൂര്‍ മഹാരാജാവ് സ്വന്തമാക്കിയിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഈ രണ്ട് വസ്തുക്കളും തിരുവിതാംകൂര്‍ മഹാരാജാവ്, ഇന്ത്യാ ഗവണ്‍മെന്റിന് സൗജന്യമായി വിട്ടുനല്‍കിയതുമാണ്. ട്രാവന്‍കൂര്‍ ഹൗസ് തിരുവിതാംകൂര്‍ രാജകുടുംബത്തിനോ അവര്‍ തിരഞ്ഞെടുക്കുന്ന വ്യക്തിക്കോ പൂര്‍ണ്ണമായും അവകാശപ്പെട്ടതാണെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഉത്തരവ് നിലവിലുള്ളതുമാണ്. ന്യൂഡല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസ് 1948-ല്‍ തയ്യാറാക്കിയ കവനനന്റ് പ്രകാരം തിരുവിതാംകൂര്‍ മഹാരാജാവിന്റെ സ്വകാര്യ സ്വത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1948 മാര്‍ച്ച് ഒന്നുമുതല്‍ മേല്‍പ്പറഞ്ഞ വയസ്തുവകകള്‍ മാസം 3500 രൂപ വീതം വാടക സ്വീകരിച്ച് സോവിയറ്റ് എംബസിക്ക് പത്തുവര്‍ഷത്തേയ്ക്ക് വാടകയ്ക്ക് നല്‍കിയട്ടുള്ളതാകുന്നു.

ഈ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് 2019 ഫെബ്രുവരി 17-ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം പ്രിന്‍സ് ആദിത്യവര്‍മ്മ ന്യൂഡല്‍ഹി ലാന്‍ഡ് ആന്‍ഡ് ഡവലപ്‌മെന്റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളതുമാകുന്നു. ഡെപ്യൂട്ടി ലാന്‍ഡ് ആന്‍ഡ് ഡവലപ്‌മെന്റ് കമ്മിഷണര്‍ ഇക്കാര്യത്തില്‍ വിശദീകരണമാവശ്യപ്പെട്ട് കേരള സര്‍ക്കാരിന് കത്തയച്ചെങ്കലും ഇതുവരെ മറുപടി ലഭിച്ചില്ലെന്നറിയുന്നു.

മുന്‍കാല രാജകുടുംബാംഗങ്ങളുമായി ഉണ്ടാക്കിയ കരാറുകള്‍ ഒരു കാരണവശാലും ലംഘിക്കപ്പെടരുതെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 363 പ്രകാരം നിര്‍വ്വചിച്ചുട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് അംഗീകാരംനല്‍കിയ കവനന്റിലെ സ്വകാര്യ സ്വത്തുക്കള്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ രേഖാമൂലമുള്ള അനുമതികൂടാതെ മാറ്റം വരുത്താന്‍ കഴിയില്ല.

മേല്‍പ്പറഞ്ഞ വസ്തുവകകളിലുള്ള ഉടമസ്ഥാവകാശം തിരുവിതാംകൂര്‍ മഹാരാജിവില്‍ നിക്ഷിപ്തമാണെന്ന് തെളിയിക്കുന്ന മുഴുവന്‍ രേഖകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നഗര കാര്യ മന്ത്രാലയത്തിനും നല്‍കിയിട്ടുണ്ട്.

എന്‍.ഡി.എം.സി. യുടെയോ പുരാവസ്തുവകുപ്പിന്റെയോ അനുമതിയില്ലാതെ വലിയ രീതിയില്‍ കേരള സര്‍ക്കാര്‍ പൊതു പണം മുടക്കി തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ പാലസ് പുതുക്കിപ്പണിയുകായും ഓഗസറ്റ് നാലിന് ഉദ്ഘാടനം നടത്താന്‍ പോവുകയുമാണ്. ഇക്കാരണങ്ങള്‍കൊണ്ട് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന ഇത്തരം നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെടണമെന്നും രാജകുടുംബം ആവശ്യപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page