എർണാകുളം: നെടുമ്പാശ്ശേരി വിമാനതാവളത്തിൽ വ്യാജ ബോംബ് ഭീഷണിയെതുടർന്ന് വിമാനം വൈകി. ഇൻഡിഗോ വിമാനത്തിൽ മുംബൈക്ക് യാത്ര ചെയ്യാനെത്തിയ യുവതിയാണ് ബാഗേജ് പരിശോധനക്കിടെ ബാഗിൽ ബോംബാണെന്ന് പറഞ്ഞത്. ഇതേ തുടർന്ന് സുരക്ഷാ സേനാംഗങ്ങൾ യുവതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.തൃശ്ശൂർ സ്വദേശിനിയാണ് യുവതി.കഴിഞ്ഞ ദിവസം പത്തനംതിട്ട സ്വദേശിയെയും ബാഗേജ് ചെക്ക് ചെയ്യുന്നതിനിടെ സമാനമായി പ്രതികരിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ബുധനാഴ്ച സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് പോകാൻ എത്തിയപ്പോഴായിരുന്നു തൊട്ട് മുൻപിൽ ഉണ്ടായിരുന്ന വ്യക്തിയുടെ ബാഗിൽ ബോംബാണെന്ന് ഇയാൾ പറഞ്ഞത്.അന്വേഷണത്തിൽ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് സംഭവത്തിലും തമാശയായി ബോംബ് പരാമർശം നടത്തിയതാണ് വിനയായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. സംഗതി തമാശയായി പറഞ്ഞതാണെങ്കിലും അതി സുരക്ഷാ മേഖലയിൽ ഇത്തരം പരാമർശം നടത്തുമ്പോൾ സൂക്ഷിക്കണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.
