ന്യൂഡൽഹി: ഈ വർഷം രാജ്യത്തു കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 1256 പേർ മരിച്ചതായി കണക്കുകൾ. ഏറ്റവും കൂടുതൽ പേർ മരിച്ചത് ബിഹാറിലാണ്. 502 പേരാണ് ബീഹാറിൽ മരിച്ചത്. കേരളത്തിൽ ഇതേ കാലയളവിൽ മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ടവരുടെ എണ്ണം 21 ആണ്. ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് ലോക് സഭയിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് സഹ മന്ത്രി നിത്യാനന്ദ റായിയാണ് കാലവർഷകെടുതിയിൽ മരിച്ചവരുടെ വിരങ്ങൾ നൽകിയത്. ദുരന്ത നിവാരണങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കാണെന്നും പേമാരി, വെള്ളപ്പൊക്കം എന്നിങ്ങനെ വിജ്ഞാപനം ചെയ്തിട്ടുള്ള 12 ഇനം പ്രകൃതി ദുരന്തങ്ങൾക്കാണ് സംസ്ഥാന സർക്കാരുകൾ നഷ്ടം കണക്കാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഇത്തരം ദുരിതങ്ങൾക്കാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും നഷ്ട പരിഹാരം നൽകുന്നെതെന്നും മന്ത്രി അറിയിച്ചു. 2023 – 24 വർഷത്തെ കേരളത്തിന്റെ ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള വിഹിതം 369.60 കോടി രൂപയാണ്. ഇതിൽ കേന്ദ്ര സർക്കാർ വിഹിതം 277.60 കോടിയും സംസ്ഥാന വിഹിതം 90 കോടി രൂപയുമാണെന്നും ആദ്യ ഗഡുവായി 138.80 കോടി രൂപ സംസ്ഥാനനത്തിനു നൽകിയതായും മന്ത്രി മറുപടിയിൽ അറിയിച്ചു.