മംഗളൂരു: മാതാവിനോട് സംസാരിക്കാന്‍ കുനിയവേ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്നുവീണ് മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മംഗളൂരു എ.ജെ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയും അഡയാര്‍ സ്വദേശിയുമായ സമയ് ഷെട്ടിയാണ് (21) മരിച്ചത്. ഞായറാഴ്ച രാവിലെ കദ്രി ശിവ്ബാഗിലെ സെന്‍ട്രല്‍ പാര്‍ക്ക് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. വീടിന്റെ ബാല്‍ക്കണിയില്‍ വായിക്കുകയായിരുന്നു സമയ്. കാര്‍ കഴുകാന്‍ താഴത്തെ നിയിലേക്ക് പോകണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് അമ്മയുമായി സംസാരിക്കാന്‍ കുനിഞ്ഞപ്പോള്‍ താഴത്തെ നിലയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഴയായതിനാല്‍ ബാല്‍ക്കണിയിലെ തറയില്‍ പായല്‍ പിടിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഗീതപ്രിയനായ സമയിന് പഠനത്തിലും മിടുക്കനായിരുന്നു.
