ചെറുവത്തൂര്‍: ആഗസ്ത് ആറുമുതല്‍ 11 വരെ ബീഹാറിലെ പട്‌നയില്‍ വെച്ച് നടക്കുന്ന നാഷണല്‍ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന് വേണ്ടി മത്സരിക്കാന്‍ കാസര്‍കോട് സ്വദേശികളായ ശ്രീലക്ഷ്മിയും അലന്‍ പ്രകാശും ഒരുങ്ങി. ഈമാസം കോട്ടയത്തു വെച്ച് നടന്ന സംസ്ഥാന ജൂനിയര്‍ മത്സരത്തില്‍ പങ്കെടുത്തു ഒന്നാം സ്ഥാനം നേടിയവരാണ് ഇരുവരും. ചെറുവത്തൂര്‍ അമ്മിഞ്ഞികോട് സ്വദേശിനിയായ ശ്രീലക്ഷ്മി നേരത്തെ തുടര്‍ച്ചയായി സംസ്ഥാന തലങ്ങളില്‍ ആറുസ്വര്‍ണ്ണവും, കൂടാതെ പഞ്ചാബിലും, ഹരിയാനയിലും നടന്ന ദേശീയതല മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്. ചെറുവത്തൂര്‍ മാച്ചിപ്പുറം സ്വദേശി അലന്‍പ്രകാശിനും മുന്‍ സംസ്ഥാന തലങ്ങളില്‍ നാലുസ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്.
ശ്രീലക്ഷ്മിക്കും, അലനും ഈ നാഷണല്‍ മത്സരത്തില്‍ ഒരു നല്ല മെഡല്‍ പ്രതീക്ഷകളാണുള്ളത്
അമ്മിഞ്ഞികോടുള്ള സുധാകരന്റെും ശ്രീകലയുടെയും മകളാണ് ശ്രീലക്ഷ്മി. മാച്ചിപ്പുറം സ്വദേശി ജയപ്രകാശിന്റെയും ഷീജയുടേയും മകനാണ് അലന്‍. ചെറുവത്തൂരിലെ ഗ്രാന്‍ഡ് മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാഡമിയിലെ, വുഷു സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സര്‍ട്ടിഫൈയ്ഡ് കോച്ച് അനില്‍ കുമാറിന്റെ കീഴിലാണ് ഇരുവരും പരിശീലനം നേടിവരുന്നത്. ഇതിനകം തന്നെ ജില്ലയിലെ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് വുഷു പരിശീലനത്തിലൂടെ അവരുടെ വിദ്യാഭ്യാസത്തിനുപയോഗപ്രദമായ ഗ്രേസ് മാര്‍ക്ക്, സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം എന്നിവ ലഭിച്ചിട്ടുണ്ട്. ഇത്തവണ കേരള താരങ്ങള്‍ക്ക് ചിട്ടയായ തീവ്രപരിശീലനം ഉള്ളതിനാല്‍ കേരളത്തിനു നല്ല മെഡല്‍ സാധ്യത ഉണ്ടെന്നു വുഷു സംസ്ഥാന ജോയിന്റ് സെക്രട്ടറിയും, ജില്ലാ സെക്രട്ടറിയുമായ അനില്‍ കുമാര്‍ പറഞ്ഞു.