കണ്ണൂർ : കള്ള് ലഹരിപദാർത്ഥമല്ലെന്ന ഇപി ജയരാജന്‍റെ പ്രസ്താവനക്ക് പിന്നാലെ കള്ള് പോഷക സമൃദ്ധമെന്ന വാദവുമായി മുഖ്യമന്ത്രി. ഓരോ നാടിനും ആ നാടിന്‍റേതായ സ്വന്തം ചില മദ്യങ്ങളുണ്ടെന്നും അതിൽപെട്ടതാണ് കള്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇളംകള്ള് നല്ല രീതിയിൽ കൊടുത്താൽ അത് ഏറ്റവും പോഷക സമൃദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ പാട്യം ഗോപാലൻ പഠനഗവേഷണ കേന്ദ്രവും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വിസകന സെമിനാറിന്‍റെ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പുതിയ മദ്യ നയം പരാമർശിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. റിസോർട്ടുകളിലും ഹോട്ടലുകളിലും ചെത്തിയ ഉടനുള്ള കള്ള് ലഭ്യമാക്കും എന്നത് പുതിയ മദ്യനയത്തിലുണ്ട് എന്ന് ചൂണ്ടികാട്ടിയാണ് ഇളംകള്ള് പോഷക സമൃദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. മദ്യനയം അംഗീകരിക്കുമ്പോൾ എല്ലാം പറയേണ്ട കാര്യമില്ലെന്നും അത് നടപ്പാക്കുമ്പോഴാണ് എന്തെല്ലാം നടപടികളും കരുതലും വേണമെന്ന് ആലോചിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
