കുമ്പള: 25-ാമത് ലോക സ്‌കൗട്ട് ജാംബോരി ക്യാംപില്‍ പങ്കെടുക്കാന്‍ കാസര്‍കോട് സ്വദേശിനിയും.
അമേരിക്കയിലെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ബന്തിയോട് മുട്ടം സ്വദേശി വൈ യശ്വന്തിന്റെയും തൃക്കരിപ്പൂര്‍ പൂച്ചോലിലെ പുതിയടവന്‍ യമുനയുടെയും മകള്‍ വൈ യവനികയാണ് ലോക സ്‌ക്കൗട്ട് ജാംബോരിയില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് രണ്ട് മുതല്‍ 12 വരെ സൗത്ത് കൊറിയയിലാണ് ക്യാംപ് നടക്കുന്നത്. മംഗളൂരു ബോസ്‌കോസ് കോളജിലെ ഒന്നാം വര്‍ഷ പിയുസി വിദ്യാര്‍ഥിനിയാണ് യവനിക. രണ്ടാം ക്ലാസ് മുതല്‍ സ്‌കൗട്ട് പരിശീലനം നടത്തിവരുന്ന യവനിക 2015 ല്‍ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് നേടി ക്ലബ് ബുള്‍ബുള്‍ ഡിവിഷനില്‍ പങ്കെടുത്തിരുന്നു. 2022 ല്‍ രാജ്യപുരസ്‌കാര്‍ അവാര്‍ഡ് നേടിയ യവനിക പാഠ്യ വിഷയങ്ങളിലും പഠ്യേതര വിഷയങ്ങളിലും ഒരേപോലെ തിളങ്ങിയിരുന്നു. കര്‍ണാടക സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ ഡാന്‍സിലും പാട്ടിലും ഇംഗ്ലീഷ് പ്രസംഗത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. സഹോദരി യശ്വിനിയും പഠനത്തില്‍ മിടുക്കിയാണ്. ഫിഷറീസ് പിജി കോഴ്‌സ് കഴിഞ്ഞ ഇവര്‍ ഇപ്പോള്‍ ദുബൈയില്‍ ജോലി ചെയ്തുവരികയാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള സ്‌കൗട്ട് സംഘം അടുത്ത ദിവസം തന്നെ സൗത് കൊറിയയിലേക്ക് തിരിക്കും. ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.