എർണാകുളം : ഇതര സംസ്ഥാനതൊഴിലാളികളുടെ മകൾ ചാന്ദിനിയുടെ കൊലപാതകത്തിൽ ലോകത്തിന് മുന്നിൽ നാണം കെട്ട് കേരളം. തട്ടികൊണ്ട് പോയ പ്രതിയെ മണിക്കൂറുകൾക്കകം കണ്ടെത്തിയിട്ടും കുട്ടിയെ വീണ്ടെടുക്കാൻ കഴിയാതെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. അതിക്രൂരമായാണ് അസ്ഫാക്ക് ആലം കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. കുട്ടിയെ കൊന്ന് മടക്കി ചളി നിറഞ്ഞ മാലിന്യകൂമ്പാരത്തിൽ തള്ളുകയായിരുന്നു. കുട്ടിക്ക് ജ്യൂസ് വാങ്ങികൊടുത്താണ് ഇയാൾ കൊണ്ട് പോയത്. പ്രദേശത്തെ തൊഴിലാളികൾ കുട്ടിയെ കൊണ്ട് പോകുന്നത് കണ്ടിരുന്നു. ചുമട്ട് തൊഴിലാളി കുട്ടിയെ കൊണ്ട് പോകുന്നത് ചോദ്യം ചെയ്തപ്പോൾ മകളാണെന്നായിരുന്നു അസ്ഫാക്കിന്‍റെ മറുപടി.ഇതിന് ശേഷം ഇയാളെ കസ്റ്റഡിയിലെടുത്തിട്ടും വിശദമായി ചോദ്യം ചെയ്യാനോ കുട്ടി എവിടെ എന്ന് കണ്ടെത്താനോ കഴിയാതെ വന്നത് കേരളാ പൊലീസിന് വലിയ നാണകേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇയാൾ ലഹരിയിലായതിനാലാണ് ചോദ്യം ചെയ്യാൻ കഴിയാതെ വന്നതെന്നായിരുന്നു പൊലീസിന്‍റെ വാദം. അതിനിടെ പൊലീസിന്‍റെ ഫേസ് ബുക്ക് പേജിൽ ഇട്ട മകളെ മാപ്പ് എന്നിട്ട പോസ്റ്റിന് അടിയിൽ വൻ വിമർശനമാണ് ഉയരുന്നത്. മൈക്കിനും ആംപ്ലിഫയറിനും എതിരെ കേസ്സെടുക്കാൻ പോകാൻ സമയമുണ്ടല്ലോ എന്നതടക്കം രോഷം നിറഞ്ഞ ചോദ്യങ്ങളാണ് പൊലീസ് നേരിടുന്നത്.പരാതിക്ക് പിന്നാലെ സിസിടിവി ദൃശ്യങ്ങളിൽ തട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങളടക്കം ലഭിച്ചിട്ടും കാണിച്ച ഉദാസീനതയാണ് അഞ്ചുവയസ്സുകാരിയെ മരണത്തിലേക്ക് തള്ളിയിട്ടതെന്നാണ് ഉയരുന്ന വിമർശനം.