മൊഗ്രാല്‍(കാസര്‍കോട്): ആടുകളെയും കോഴികളെയും മാത്രമല്ല, പശുവിനെയും ആക്രമിച്ച് തെരുവ് നായ്ക്കളുടെ വിളയാട്ടം. വ്യാഴാഴ്ച രാവിലെ വലിയനാങ്കിയിലെ മുഹമ്മദ് അശ്റഫിന്റെ വീട്ടിലെ ഏക പശുവിനെ നായ്ക്കൂട്ടം കടിച്ചു കൊന്നു. കഴിഞ്ഞവര്‍ഷവും കൂട്ടില്‍ അടച്ച മൂന്ന് ആടുകളെ നായ്ക്കൂട്ടം കടിച്ചു കൊന്നിരുന്നു. വലിയ നാങ്കിയില്‍ നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിലായി നിരവധി വളര്‍ത്തുമൃഗങ്ങളാണ് നായയുടെ പരാക്രമത്തില്‍ കൊല്ലപ്പെട്ടത്. 15 ഓളം ആടുകളെയും, പത്തോളം കോഴികളെയും, അഞ്ചു പൂച്ചകളെയും, ഒരു പശുവിയും നായ്ക്കൂട്ടം കടിച്ചു കൊന്നിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അതേസമയം തെരുവുനായ ശല്യം തുടരുന്ന സാഹചര്യത്തില്‍ ഇനി വളര്‍ത്തുമൃഗങ്ങളെ പോറ്റുന്നില്ലെന്ന് വീട്ടമ്മമാര്‍ പറയുന്നത്. കൂട്ടിലടച്ചാല്‍ പോലും കൂട് പൊളിച്ച് നായ്കൂട്ടം മൃഗങ്ങളെ കൊല്ലുന്നു, പിന്നെ എന്ത് സംരക്ഷണത്തിലാണ് വളര്‍ത്തേണ്ടതെന്നും വീട്ടമ്മമാര്‍ ചോദിക്കുന്നു.
വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്നതിനൊപ്പം വീട്ടുപകരണങ്ങളും വാഹനങ്ങളിലെ സീറ്റുകളും നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. നായ്ക്കളെ ഓടിച്ച് പിടികൂടാന്‍ നാട്ടുകാര്‍ പലപ്രാവശ്യം ശ്രമിച്ചെങ്കിലും രാത്രിയായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. നടപടിയെടുക്കേണ്ടവര്‍ കോടതിവിധിക്കായി കാത്തുനില്‍ക്കുന്നതും ദുരിതം വര്‍ധിപ്പിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.