തലശ്ശേരി: നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍.
ഷംസീറിന് ജോസഫ് മാഷുടെ അനുഭവം ഉണ്ടാകുമെന്നു യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നു ആരോപിച്ചുള്ള പ്രതിഷേധ പരിപാടിയിലായിരുന്നു പരാമര്‍ശം. സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.ജയരാജന്‍.
ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്ന് ജയരാജന്‍ മുന്നറിയിപ്പു നല്‍കി. ഗണപതിയെ അപമാനിച്ചതില്‍ മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പ്രഖ്യാപനം. കോളജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ.ഗണേഷ് പ്രസംഗിച്ചിരുന്നു. ഷംസീറിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിജെപിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗണപതി എന്ന ഹൈന്ദവ ആരാധനാമൂര്‍ത്തി കേവലം മിത്തു മാത്രമാണെന്ന് ഷംസീര്‍ പ്രസംഗിച്ചുവെന്നാണ് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ എസ് രാജീവ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. യുക്തിചിന്ത വളര്‍ത്തുകയാണ് എന്ന വ്യാജേന ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് സ്പീക്കര്‍ ചെയ്യുന്നതെന്നും ബിജെപി നേതാവിന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.