വൃദ്ധനെ തേൻ കെണിയിൽപ്പെടുത്തി 11 ലക്ഷം തട്ടി; സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: ഹണിട്രാപ്പിലൂടെ മുൻസൈനികനായ വയോധികന്റെ 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ.പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശിയും പരവൂർ കലയ്ക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്. കൊല്ലം പരവൂർ സ്വദേശിയായ മുൻ സൈനികനെയാണ് ഇവർ ഹണിട്രാപ്പിന് ഇരയാക്കിയത്.

    മെയ് 24നാണ് തട്ടിപ്പിന്റെ തുടക്കം. മുൻ സൈനികനും കേരള സർവ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരന് നിലവിൽ തിരുവനന്തപുരം പട്ടത്താണ് താമസം. വയോധികന്റെ കലയ്ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയാണ് ഇവർ ആദ്യം ചെയ്തത്. തുടരെയുള്ള ഫോൺ വിളിയിലൂടെ വയോധികനെ  സൗഹൃദത്തിലാക്കി. ഒടുവിൽ ഇയാളെ വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം  സ്വീകരിച്ച കലയ്ക്കോട്ടെ വീട്ടിലെത്തിയ വൃദ്ധനെ അവിടെ വച്ച് ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച് ന​ഗ്നയായ നിത്യയ്ക്കൊപ്പം ചിത്രങ്ങൾ എടുത്തു. ഫോണിൽ ചിത്രം പകർത്തിയത് മുൻ നിശ്ചയിച്ച പ്രകാരം സ്ഥലത്തെത്തിയ വയോധികന്റെ ബന്ധു കൂടിയായ ബിനുവായിരുന്നു.

    ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. നിരന്തരമായ ഭീഷണിയ്ക്ക് പിന്നാലെ 11 ലക്ഷം രൂപ നൽകി. എന്നാൽ, വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികൾ ബ്ലാക്ക് മെയിൽ തുടർന്നു. ഒടുവിൽ സഹികെട്ട് ഈ മാസം 18നാണ് വയോധികൻ പരവൂർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നൽകാനെന്ന പേരിൽ പരാതിക്കാരൻ പ്രതികളെ പട്ടത്തെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പരവൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അഭിഭാഷക കൂടിയാണ് അറസ്റ്റിലായ  സീരിയൽ നടി നിത്യ ശശി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page