ജാര്‍ഖണ്ഡില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സുഭാഷ് മുണ്ടയെ അക്രമികള്‍ വെടിവച്ച് കൊന്നു. ബുധന്‍ രാത്രി എട്ടിന് റാഞ്ചി ദലദല്ലിയിലെ ഓഫീസില്‍ കയറിയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ആദിവാസി വിഭാഗത്തില്‍നിന്നുള്ള നേതാവായ മുണ്ടയ്ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതിയില്‍ അലോസരമുള്ള പ്രാദേശിക മാഫിയകളും രാഷ്ട്രീയ എതിരാളികളുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. അക്രമികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് നാട്ടുകാരും പാര്‍ടി അനുഭാവികളും ചേര്‍ന്ന് ദലദല്ലിയിലെ പ്രധാന റോഡ് ഉപരോധിച്ചു. ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുമ്പോള്‍ മുണ്ട തന്റെ ഓഫീസില്‍ ഇരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്നയുടന്‍ പോലീസ് സ്ഥലത്തെത്തി അക്രമികളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായി റാഞ്ചി റൂറല്‍ എസ്പി നൗഷാദ് ആലം പറഞ്ഞു.