തിരുവനന്തപുരം: നാട്ടിൽ ലഭിക്കുന്ന പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക, കേരളാ ടോഡി എന്ന പേരിൽ കള്ളിനെ ബ്രാൻഡ് ചെയ്യുക, സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വിദേശ മദ്യം കയറ്റി അയക്കുക തുടങ്ങിയ നിർദേശങ്ങളുമായി പുതിയ മദ്യ നയത്തിന് മന്ത്രി സഭ അംഗീകാരം നൽകി. ഇന്ത്യൻ നിർമ്മിത വിദേശമദ്യം കയറ്റി അയക്കുന്നതിന് ചട്ടങ്ങളിൽ ഭേദഗതി വരുത്തും. ഒന്നാം തിയ്യതികളിലെ ഡ്രൈഡേ തുടരും.വിനോദ സഞ്ചാരികൾ കൂടുതൽ ആയി എത്തുന്ന സ്ഥലങ്ങളിലെ റസ്റ്റോറന്‍റുകളിൽ തിരക്കുള്ള സീസണിൽ വൈൻ, ബീയർ എന്നിവ വിൽക്കുന്നതിന് താത്കാലിക ലൈസൻസ് അനുവദിക്കുമെന്നും എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു.ഐടി പാർക്കുകളിലെ മദ്യ വിതരണത്തിന് ചട്ടങ്ങളിൽ ഭേദഗതി വരുത്തികൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബാർ ലൈസൻസ് ഫീസ് 30 ലക്ഷത്തിൽ നിന്ന് 35 ആയി ഉയർത്തും. ക്ലബ്ബുകളുടെ ലൈസൻസ് ഫീസിലും മാറ്റം വരും. സംസ്ഥാനത്ത് 559 വിദേശമദ്യ വിൽപ്പനശാലകളുള്ളതിൽ 309 ഷോപ്പുകൾ മാത്രമാണ് നിലവിൽ തുറന്ന് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശേഷിക്കുന്നവ തുറന്ന് പ്രവർത്തിക്കാൻ നടപടി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.