കാസർകോട്: തെയ്യം കലയുടെ കുലപതി ചന്തേര സ്വദേശി രാജൻ പണിക്കർ(62) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. അരനൂറ്റാണ്ടിലധികമായി തെയ്യങ്ങൾക്കായി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു രാജൻ പണിക്കരുടെത്. കണ്ണൂർ കാസർകോട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ ആയിരത്തിലധികം കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്.
ചെറുപ്പത്തിൽ ആടിവേടൻ തെയ്യം കെട്ടി തെയ്യരംഗത്ത് ചുവടുറപ്പിച്ചു. പതിനൊന്നാം വയസ്സിൽ വിഷ്ണുമൂർത്തിയെ കെട്ടി അരങ്ങിലെത്തി. പിലിക്കോട് തെരുവിൽ വിഷ്ണുമൂർത്തിയെ കെട്ടി 1994 ൽ പണിക്കറായി ആചാരപെട്ടു. മൂവാളംകുഴി ചാമുണ്ഡി, മേച്ചേരീ ചാമുണ്ഡി, വേടൻ, വിഷ്ണുമൂർത്തീ, പൊട്ടൻദൈവം, രക്തചാമുണ്ടി, മടയിൽ ചാമുണ്ഡി, മേച്ചേരീ ചാമുണ്ഡി, ഗുളികൻ, മൂവാളംകുഴി ചാമുണ്ഡി തുടങ്ങി നൂറോളം തെയ്യക്കോലങ്ങളെ പണിക്കർ കെട്ടിയാടിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മാങ്കടത്ത് കൊവ്വലിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. പത്തുമണിക്ക് സംസ്കാരം.
ശ്രീകലയാണ് ഭാര്യ. രാകേഷ് പണിക്കർ, പ്രണവ് പണിക്കർ( ഇരുവരും തെയ്യ കലാകാരന്മാർ ), ശ്രുതി എന്നിവർ മക്കളാണ്.