ന്യൂഡൽഹി: ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ അടുത്തിടെ നിരോധിച്ചത് അമേരിക്കയിലെ ഏഷ്യൻ വംശജരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിര്‍ത്താതെ പെയ്യുന്ന മഴ അരി ഉൽപാദനത്തിന് വെല്ലുവിളിയായി മാറിയ സാഹചര്യത്തില്ലാണ്, ആഭ്യന്തര ചില്ലറ വിൽപ്പന വില സ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ ഈ തീരുമാനം. ഇത് അമേരിക്കയിലുടനീളമുള്ള പലചരക്ക് കടകളിൽ അരി വാങ്ങുന്നതിനും പൂഴ്ത്തിവയ്ക്കുന്നതിനും ഇടയാക്കി യിരിക്കുന്നത്.
നാട്ടിലായാലും അമേരിക്കയില്‍ ആയാലും ചോറിന് ചോറു തന്നെ വേണ്ടെ?? പുഴുങ്ങിയ അരിയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എങ്കിലും ഉപഭോക്താക്കൾ സാധനങ്ങൾ സംഭരിക്കാൻ കടകളിൽ തടിച്ചുകൂടി, ഇത് നീണ്ട ക്യൂവുകൾക്കും വിലക്കയറ്റത്തിനും കാരണമായി. റേഷന്‍ കടയില്‍ സൗജന്യ അരി വാങ്ങാനായുള്ള ക്യൂ ഓര്‍മ വന്നു എന്ന് ഒരു അമേരിക്കന്‍ മലയാളി. പക്ഷേ ഇത് സൗജന്യം അല്ല ഉള്ളതിനേക്കാൾ ഇരട്ടിയാണ് കൊടുക്കേണ്ടത്.
നിരോധനത്തിന്റെ പ്രത്യാഘാതങ്ങൾ ആഗോള അരി വിപണിയിൽ അനുഭവപ്പെട്ടു തുടങ്ങി. ഇന്ത്യ 140 ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നതിനാൽ വിദേശത്ത് അരി വില കുതിച്ചുയരുകയാണ്. മുമ്പ് താങ്ങാനാവുന്ന വിലയുണ്ടായിരുന്ന ഇന്ത്യൻ വെള്ള അരി ഇപ്പോൾ ഗണ്യമായ വില ഉയർന്നത് ഉപഭോക്താക്കളിൽ ആശങ്കയുണ്ടാക്കുന്നു. 17.86 ദശലക്ഷം ടൺ ബസുമതി ഇതര അരി 2022-ൽ ഇന്ത്യ കയറ്റുമതി ചെയ്തു. മാത്രമല്ല, ലോകത്തെ അരി കയറ്റുമതിയുടെ 40 ശതമാനത്തിലധികം ഇന്ത്യയിൽ നിന്നാണ്.
പരിഭ്രാന്തരായി ചാക്കു കണക്കിന് അരി വാങ്ങി കൂട്ടുകയാണ് ഇന്ത്യക്കാര്‍. എന്നാൽ വിദഗ്ധർ വിശ്വസിക്കുന്നത് കയറ്റുമതി നിരോധനത്തിന്റെ ആഘാതം ഹ്രസ്വകാലമായിരിക്കാമെന്നും, ഒരുപക്ഷേ ഏകദേശം ആറ് മാസത്തോളം നീണ്ടുനിൽക്കുമെന്നുമാണ്. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ നിരോധനത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.