കാസർകോട്: കടൽഭിത്തി തകർന്നതിനെ തുടർന്ന് മത്സ്യതൊഴിലാളികൾ പ്രതിഷേധം ഉയർത്തിയ കാസർകോട് തൃക്കണ്ണാട് കടപ്പുറത്ത് അടിയന്തിര കടൽ ഭിത്തി സംരക്ഷണ പ്രവൃത്തി തുടങ്ങി. മേജർ ഇറിഗേഷൻ വകുപ്പിന്‍റെ നേതൃത്വത്തിലാണ് കടൽഭിത്തി സംരക്ഷണ പ്രവൃത്തി ആരംഭിച്ചത്.ജില്ലാ കലക്ടർ കെ. ഇമ്പശേഖരന്‍റെ സന്ദർശനത്തിന് പിന്നാലെയാണ് കടൽഭിത്തി സംരക്ഷണ പ്രവർത്തനം തുടങ്ങിയത്. 20 ലക്ഷം രൂപ ചിലവിട്ട് ഒരു മാസം മുൻപ് ഇവിടെ സ്ഥാപിച്ച ജിയോബാഗ് സംരക്ഷണ ഭിത്തികൾ കഴിഞ്ഞ ദിവസം കടലെടുത്തിരുന്നു.കടൽക്ഷോഭം തടയുന്നതിന് ശാശ്വത സംരക്ഷണ ഭിത്തിവേണമെന്നാവശ്യപ്പെട്ടാണ് മത്സ്യതൊഴിലാളികൾ സംസ്ഥാന പാത ഉപരോധിച്ച് സമരം നടന്നത്. തുടർന്ന് ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ച് പ്രശ്ന പരിഹാരം നിർദേശിക്കുകയായിരുന്നു.
