കോട്ടയം: ചായക്കടയില്‍നിന്നു ചായ കുടിച്ചശേഷം നടന്നുനീങ്ങിയ ലോട്ടറിക്കച്ചവടക്കാരന്‍ കാറിടിച്ചു മരിച്ചു. ഇടിച്ച കാര്‍ കടയ്ക്കുള്ളിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ നാല് പേർക്ക് കൂടെ പരിക്കേറ്റു. കുറിച്ചിയില്‍ താമസിക്കുന്ന സ്വാമിദുരൈ (48) ആണ് കാറിടിച്ച് മരിച്ചത്. അപകടത്തില്‍ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്കു പരുക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചേമുക്കാലോടെ എംസി റോഡില്‍ കുറിച്ചി കാലായില്‍പ്പടിക്കു സമീപമാണ് അപകടം. രാവിലെ ചായ കുടിച്ചശേഷം ഭാര്യയ്ക്ക് ചായയും വാങ്ങി തിരികെപോകുകയായിരുന്നു സ്വാമിദുരൈ. ഈ സമയം തിരുവനന്തപുരം ഭാഗത്തുനിന്നെത്തിയ കാർ സ്വാമിദുരൈയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് കടയിലെക്ക് പാഞ്ഞുകയറിയാണ് കടയിലെ അതിഥിതൊഴിലാളി, ചായ കുടിക്കാനെത്തിയ എസ്‌ഐ എന്നിവരുള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റത്. അതിഥിതൊഴിലാളിയുടെ ദേഹത്തേയ്ക്കു തിളച്ച വെള്ളവും പാലും ഉള്‍പ്പെടെ വീണ് ഗുരുതരമായി പൊള്ളലേറ്റു. ചായക്കടയ്ക്കു സമീപം വച്ചിരുന്ന ബൈക്കിനും കേടുപാട് പറ്റി. അപകടം നടന്നയുടന്‍ സമീപത്തുള്ളവര്‍ ഓടിയെത്തി പൊലീസിനെ വിവരമറിയിച്ചെങ്കിലും എത്താന്‍ വൈകിയതായി നാട്ടുകാർ ആരോപിച്ചു.