കാസര്‍കോട്:കാസർകോട് മേല്‍പറമ്പില്‍ യുവാക്കള്‍ക്ക് നേരെ സാദാചാര പൊലീസ് ചമഞ്ഞ് ആക്രമണം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ച് മടങ്ങിയ യുവാക്കളെയാണ് ചിലര്‍ തടഞ്ഞുവെച്ചത്. ബേക്കല്‍ കോട്ട സന്ദര്‍ശിച്ച സംഘത്തില്‍ നാലുയുവാക്കളും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരായ മൂന്നുപേരെ മേല്‍പറമ്പ് പോലീസ്അറസ്റ്റുചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. സംഘം ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ചശേഷം മേല്‍പ്പറമ്പിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.
വാഹനത്തില്‍ ഏറെ സമയം ഒരുമിച്ചിരുന്നുവെന്നാരോപിച്ച് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നാട്ടുകാര്‍ അക്രമിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവെക്കുകയും ചെയ്തതായി ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാറിലിരിക്കുന്നത് ചോദ്യം ചെയ്തതോടെ പിറകിലിരുന്ന പെണ്‍കുട്ടിയെയും, പീന്നീട് ഇത് ചോദ്യം ചെയ്ത മുന്നിലിരുന്ന ആണ്‍കുട്ടിയെയും സംഘം മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരുടെയും വാക്കേറ്റം സംഘര്‍ഷവാസ്ഥയിലെത്തിയതോടെ പൊലീസും സ്ഥലത്തെത്തി. തടഞ്ഞു വയ്ക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റിലായവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും കാസര്‍കോട് ഡിവൈഎസ്പി വ്യക്തമാക്കി. പരാതിക്കാരായ ആറുപേരെയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.