കാസര്‍കോട്: ജില്ലാ രജിസ്ട്രാര്‍ ജനറലിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം, കോട്ടക്കല്‍, പറപ്പൂര്‍ സ്വദേശി ടി.ഇ മുഹമ്മദ് അഷ്റഫാ(55)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നുള്ളിപ്പാടിയിലെ ഹോട്ടല്‍ മുറിയുടെ ബാത്ത്റൂമിനകത്തു വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മരണം ഉറപ്പാക്കിയശേഷം മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ഒന്നരവര്‍ഷം മുമ്പാണ് മുഹമ്മദ് അഷ്റഫ് കാസര്‍കോട്ടെ ജില്ലാ രജിസ്ട്രാര്‍ ജനറലായി ചുമതലയേറ്റത്. അതിനുശേഷം പലപ്പോഴും നുള്ളിപ്പാടിയിലെ ഹോട്ടല്‍ മുറിയില്‍ താമസിക്കാറുണ്ടെന്നു പറയുന്നു. ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് ഹോട്ടല്‍ ജീവനക്കാരോട് രാവിലെ ഫോണ്‍ വിളിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ജീവനക്കാര്‍ ഫോണ്‍ വിളിച്ചുവെങ്കിലും എടുക്കാത്തതിനെതുടര്‍ന്ന് മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മുഹമ്മദ് അഷ്റഫിനെ ബാത്ത്റൂമില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് മലപ്പുറത്തു നിന്നു ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ഭൗതികശരീരം വൈകുന്നേരം 3.30 മണിക്ക് കളക്ടറേറ്റ് പരിസരത്ത് പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് സ്വദേശമായ മലപ്പുറം കോട്ടക്കലിലേക്ക് കൊണ്ട് പോകും.
സംഭവത്തില്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. അഹമ്മദ് കുട്ടിയാണ് പിതാവ്. ഭാര്യ: ബസ്രിയ. മക്കള്‍: ആഖില്‍ അഹമ്മദ്, അനീന, അമീന. സഹോദരങ്ങള്‍: മുഹമ്മദ് യൂസഫ്.