സമൂഹമാധ്യമങ്ങളിൽ നിന്ന് ആ നീല ആ കിളി പറന്ന് പോയി.ഇനിയുണ്ടാകുക X.COM( എക്സ്) പ്രധാന സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോം ആയ ട്വിറ്റർ പഴയ പേരും ലോഗോയും എല്ലാ ഉപേക്ഷിച്ച് പുതു മോഡിയണിഞ്ഞു. ട്വിറ്റർ ഉടമയായ ഇലോൺ മസ്ക് പ്രഖ്യാപിച്ച പോലെ തന്നെയുള്ള മാറ്റങ്ങൾ ട്വിറ്ററിൽ പ്രകടമായി. കറുത്ത നിറത്തിലുള്ളതാണ് പുതിയ എക്സ് ലോഗോ. ട്വീറ്റ്സ് എന്ന പേരിലുള്ള ചെറുമെസേജുകൾ ഇനി മുതൽ X’S ആയി മാറും. ട്വിറ്റർ പേജിൽ ലോഗിൻ ചെയ്താൽ X ലേക്ക് ആകും ഇനി എത്തുക. എന്നാൽ മാറ്റം രൂപത്തിൽ മാത്രമല്ലെന്നാണ് കമ്പനി പറയുന്നത്. കേവലം മൈക്രോബ്ലോഗിങ്ങ് സൈറ്റ് എന്നതിലുപരിയായി ബാങ്കിംഗ് സേവനങ്ങളടക്കമുള്ളവ നൽകാൻ കഴിയുന്ന തരത്തിലേക്ക് ട്വിറ്ററിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് ട്വിറ്റർ സി.ഇ.ഒ ആയ ലിൻഡ യക്കരിനോ പറയുന്നു. തുടർച്ചയായ വീഡിയോ, ഓഡിയോ സന്ദേശങ്ങൾ അയക്കാനാകുന്ന, സേവനങ്ങളുടെയും സാധനങ്ങളുടെയും അവസരങ്ങളുടെയും കേന്ദ്രമാക്കി നിർമ്മിത ബുദ്ധിയാൽ ബന്ധിപ്പിക്കുന്ന ഒന്നായിരിക്കും X എന്നും സി.ഇ.ഒ വ്യക്തമാക്കുന്നു. നേരത്തെ ഫേസ് ബുക്കിന്‍റെ പുതിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോം ത്രെഡ് വന്നത് ട്വിറ്ററിന് വലിയ വെല്ലുവിളിയാണെന്ന് ടെക് ലോകം വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതുരൂപത്തിലേക്ക് ട്വിറ്റർ മാറുന്നത്. പുതിയ മാറ്റത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ മാറ്റം ഉൾകൊള്ളാൻ കഴിയാത്തതാണെന്ന് കാണിച്ച് ട്വിറ്ററിനെ ഉപേക്ഷിക്കുന്നതായി ട്വീറ്റ് ചെയ്തിട്ടുണ്ട്.എന്തായാലും സമൂഹ മാധ്യമ രംഗത്ത് പുതു ചലനം ഉണ്ടാക്കാൻ ‘കിളിപോയ’ ട്വിറ്ററിന് കഴിയുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.