കാസർകോട് : പാണത്തൂർ-കല്ലേപ്പള്ളി സുള്ള്യ അന്തർ സംസ്ഥാന പാതയിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖരന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. കല്ലേപ്പള്ളി പനത്തടി വില്ലേജിൽപ്പെടുന്ന ബട്ടോളിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതുമൂലം ഗതാഗതം തടസപെട്ടിരുന്നു. ഇക്കാര്യം വെള്ളരിക്കുണ്ട് തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം
ജില്ലാ ജിയോളജിസ്റ്റ് സ്ഥലം സന്ദർശിക്കുകയും സമീപമുള്ള കുന്നിന് വിള്ളലുകൾ കണ്ടെത്തിയിരുന്നു. ഇനിയും മണ്ണിടിഞ്ഞ് വീഴാൻ അപകട ഭീഷണി സാധ്യതയുണ്ടന്നും റിപ്പോർട്ട് നൽകിയിരുന്നു.
ഇപ്പോൾ പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റോഡിലേക്ക് ഇടിഞ്ഞ് വീണ മണ്ണും, അപകട ഭീഷണിയുള്ള മൺതിട്ടയും പൂർണ്ണമായും നീക്കം ചെയ്യുന്നതുവരെ ഈ റോഡിൽ കൂടിയുള്ള രാത്രിയാത്ര ദുരന്ത നിവാരണ നിയമം പ്രകാരം നിരോധിച്ചു. അതേസമയം നിലവിൽ റോഡിലുള്ള മണ്ണും, അവശിഷ്ടങ്ങളും നീക്കം ചെയ്ത ശേഷം പകൽ സമയങ്ങളിൽ നിയന്ത്രിതമായ ഗതാഗതം ഇതു വഴി അനുവദിക്കും. ഈ പ്രദേശത്ത് പോലീസ് സാന്നിധ്യം ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.