സ്കൂളിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഷര്‍ട്ടിൽ സാമ്പാർതെറിച്ചു; വിദ്യാര്‍ത്ഥിക്കു നേരെ സഹപാഠിയുടെ കത്തിയേറ്
ഉള്ളാള്‍: സ്‌കൂളിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തില്‍ സാമ്പാർ ഷര്‍ട്ടില്‍ തെറിച്ചു വീണത് ചോദ്യം ചെയ്‌ത വിദ്യാര്‍ത്ഥിക്ക് നേരെ സഹപാഠി കത്തിയെറിഞ്ഞു. നെഞ്ചിനു പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി. മംഗലാപുരം ഉള്ളാള്‍, നരിങ്കാന മുണ്ടപ്പദവ് സ്‌കൂളിലാണ് സംഭവം. ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കുന്നതിനിടെ ഷര്‍ട്ടില്‍ സാമ്പാർ തെറിച്ചത് ചോദ്യം ചെയ്‌ത ഒമ്പതാം ക്ലാസുകാരന് നേരെ കൂടെ ഭക്ഷണം കഴിച്ചിരുന്ന വിദ്യാര്‍ത്ഥി തന്റെ ബാഗിലുണ്ടായിരുന്ന കത്തി പുറത്തെടുത്ത് എറിയുകയായിരുന്നു. നെഞ്ചില്‍ കത്തികൊണ്ടെങ്കിലും പരിക്ക് സാരമുള്ളതല്ല. സ്ഥലത്തെത്തിയ പൊലീസ് ഇരു വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവരം ശേഖരിക്കുകയും വീട്ടുകാരെ വിളിച്ചു വരുത്തി താക്കീത് ചെയ്‌ത് അവർക്കൊപ്പം വിട്ടയക്കുകയും ചെയ്തു. ബസ്‌സ്റ്റാന്റില്‍ നിന്നാണ് തനിക്ക് കത്തി കിട്ടിയതെന്നാണ് എറിഞ്ഞ വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞത്.