മണിപ്പൂര്‍: മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നും അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്.
വിഡിയോയില്‍ പച്ച ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്നയാളാണ് പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി.
സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ മാസങ്ങള്‍ക്ക് ശേഷമാണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ നടുക്കം രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു. സംഭവത്തില്‍ നേരത്തെ തന്നെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. നഗ്‌നരാക്കി നടത്തിക്കൊണ്ട് വന്ന സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‌തെയ് വിഭാഗക്കാരാണ് കുറ്റക്കാരെന്ന് ആരോപിച്ച് രംഗത്ത് വന്ന ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം അക്രമികള്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ആരോപിച്ചിരുന്നു.
എന്നാല്‍ സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും കാങ്‌കോപിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും മണിപ്പൂര്‍ പൊലീസ് പറയുന്നു. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയം പാര്‍ലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് മണിപ്പൂര്‍ പൊലീസ് പറയുന്നത്. അതേസമയം പുറത്തുവരുന്ന ദൃശ്യങ്ങള്‍ അത്യന്തം വേദനാജനകമാണെന്നും കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ലെന്നും മണിപ്പൂരിലെ സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. പറഞ്ഞു. വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. ഹൃദയത്തില്‍ വേദനയും ദേഷ്യവും ഉണ്ടാകുന്നു. നിയമം സര്‍വശക്തിയില്‍ പ്രയോഗിക്കും. മണിപ്പൂരിലെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കാനാവില്ല. പരിഷ്‌കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് മണിപ്പൂരിലുണ്ടായത്. ഏത് സംസ്ഥാനത്ത് നടന്നാലും ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയത്തിലുപരിയായി എല്ലാവരുടെയും ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.
