പള്ളിക്കര റെയില്‍വേ മേല്‍പ്പാലം തുറന്നു, ഇനി ദേശീയപാതയില്‍ സുഖയാത്ര

നീലേശ്വരം: നിര്‍മാണം പൂര്‍ത്തിയായ പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങി. ദേശീയ പാതാ അതോറിറ്റി നല്‍കിയ താല്‍ക്കാലിക പൂര്‍ത്തീകരണ കത്ത് കണക്കിലെടുത്താണ് കളക്ടര്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ ഉത്തരവായത്. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് മേല്‍പാലത്തിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കാന്‍ പാലം തുറന്നുകൊടുത്തത്. ദേശീയപാത അതോറിറ്റി കണ്ണൂര്‍ പ്രൊജക്ട് ഡയറക്ടര്‍ പുനിത്കുമാറും സ്ഥലത്തെത്തിയിരുന്നു. പാര്‍സല്‍ ലോറിയെയാണ് ആദ്യമായി കടത്തിവിട്ടത്. പിന്നീട് കെ.എസ്.ആര്‍ടി.സി ബസുകളും സ്വകാര്യവാഹനങ്ങളും ഓടിത്തുടങ്ങി. പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത് കാണാന്‍ നാട്ടുകാരും ഇരുവശങ്ങളിലും തടിച്ചുകൂടിയിരുന്നു. വാഹനങ്ങളെ വഴിതിരിച്ചുവിടാന്‍ ട്രാഫിക് പോലീസും രംഗത്തുണ്ട്.
അറ്റകുറ്റപ്പണികള്‍ക്കായി നീലേശ്വരം പള്ളിക്കര റെയില്‍വെ ഗേറ്റ് അടച്ചിട്ട ശേഷമാണ് പാലത്തിലൂടെ ഗതാഗത സൗകര്യമൊരുക്കിയത്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗത ക്രമീകരണം തുടരും. അതേസമയം എല്ലാ യാത്രക്കാരും വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ഗതാഗത സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും വഴിതിരിച്ചുവിടല്‍ അടയാളങ്ങളും ട്രാഫിക് പോലീസ് വഴി നല്‍കുന്ന നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. കൊച്ചി മുതല്‍ മഹാരാഷട്ര പനവേല്‍ വരെയുള്ള ദേശീയപാതയിലെ ഏക റെയില്‍വേ ഗേറ്റായിരുന്നു പള്ളിക്കര. നീണ്ട കാത്തിരിപ്പിനുശേഷം മേല്‍പാലം തുറന്നതോടെ ദേശീയപാതയിലെ വാഹനയാത്ര ഇനി സുഖകരമാകും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page