മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ദേഹ വിയോഗം കേരള ജനതയ്ക്കും ലോക മലയാളികൾക്കും തീരാനഷ്ടമാണെന്ന് കാസർഗോഡ് എംഎൽഎ എൻ എ നെല്ലിക്കുന്ന് പറഞ്ഞു.കാസർഗോഡ് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി ഓഫീസ് പരിസരത്ത് നടന്ന സർവ്വകക്ഷി അനുശോചനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർഗോഡ് മെഡിക്കൽ കോളേജ് , മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്ക് രൂപീകരണം, മലയോരത്തും തീരദേശത്തും ഒട്ടനവധി വികസന പ്രവർത്തനങ്ങൾ, ജില്ലയിലെ വിവിധ മേഖലകളിലെ സമഗ്ര വികസനത്തിനു വേണ്ടി ഉണ്ടാക്കിയ കാസർഗോഡ് വികസന പാക്കേജ്, എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകിയ ഒട്ടനവധി സാമ്പത്തിക ആനുകൂല്യം ഉൾപ്പെടെയുള്ള സമഗ്ര പദ്ധതി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് നടപ്പിലാക്കിയതാണെന്നും എൻ.എ നെല്ലിക്കുന്ന് പറഞ്ഞു. സർവ്വകക്ഷി അനുശോചന യോഗത്തിൽ ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ എം വി ബാലകൃഷ്ണൻ മാസ്റ്റർ, പാറക്കൽ അബ്ദുല്ല, രവിശ തന്ത്രി കുണ്ടാർ, സി പി ബാബു, കല്ലട്ര മാഹിൻ ഹാജി, സി എച്ച് കുഞ്ഞമ്പു എംഎൽഎ, മുൻ എംഎൽഎമാരായ കെ പി കുഞ്ഞി കണ്ണൻ, എം സി കമറുദ്ദീൻ, വിവിധ മത നേതാക്കളായ വിവിക്താനന്ദ സരസ്വതി സ്വാമികൾ ഫാദർ ജോർജ് വെള്ളിമല, പള്ളംകോട് അബ്ദുൽ ഖാദർ മദനി തുടങ്ങിയവർ സംസാരിച്ചു.