കണ്ണൂര്‍: സ്വകാര്യ ബസ് മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. കണ്ണൂരില്‍ ജില്ലയിലെ ഇരിക്കൂര്‍ ചേടിച്ചേരിയിലാണ് അപകടം. ഇരിക്കൂര്‍ ചേടിച്ചേരി എ.എല്‍.പി സ്‌കൂളിന് സമീപം ബുധനാഴ്ച്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഇരിക്കൂറില്‍ നിന്നും മയ്യിലേക്ക് വരികയായിരുന്ന ഷാര്‍പ്പ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണംവിട്ട ബസ് സ്‌കൂളിന് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍ ഭാഗം തകര്‍ന്നു. വിദ്യാര്‍ത്ഥികളടക്കം ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മയ്യില്‍, ഇരിക്കൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. മതിലിടിഞ്ഞുവീണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. ഇരിക്കൂര്‍ പോലീസും മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.